ന്യൂഡൽഹി∙ സൗമ്യവധക്കേസില്‍ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മയും നൽകിയ പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളി. ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം നിലനിൽക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതിനിടെ കോടതിയിൽ ഹാജരായ മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവും ജസ്റ്റിസ് രഞ്ജൻ ഗോഗോയും തമ്മിൽ വാക്കേറ്റം ഉണ്ടായത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ചരിത്രത്തിലാദ്യമായാണു സുപ്രീം കോടതി, ഒരു കേസില്‍ മുന്‍ ജഡ്ജിയെ വിളിച്ചുവരുത്തിയത്. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരെയുളള കൊലക്കുറ്റം ഒഴിവാക്കുകയും വധശിക്ഷ റദ്ദുചെയ്യുകയും ചെയ്ത സുപ്രീംകോടതി വിധിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ജസ്റ്റിസ് കട്ജു ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതു ഹര്‍ജിയായി പരിഗണിച്ചാണു സുപ്രീം കോടതി കട്ജുവിന്‍റെ നിലപാടറിയാന്‍ തീരുമാനിച്ചത്.