സുപ്രീം കോടതിയുടെ പരിഗണനയിലുള്ള സൗമ്യ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ച്ചയെ തുടര്‍ന്ന് ഗോവിന്ദചാമിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ കിട്ടാതെ വന്നാല്‍ അത് നിയമവാഴ്ചയുടെ പരാജയമായിരിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ഇന്ദിരാഭവനില്‍ വിചാര്‍വിഭാഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുധീരന്‍.
കേരളം ആകാംഷയോടെ കാത്തിരിക്കുന്ന ഈ കേസ് കൈകാര്യം ചെയ്യുന്നതില്‍ അധികാരികളുടെ ഭാഗത്തുനിന്ന് വന്‍ പാളിച്ചയാണ് ഉണ്ടായത്.
കീഴ് കോടതികളില്‍ ഈ കേസ് കാര്യക്ഷമമായി നടത്തിയ സര്‍ക്കാര്‍ അഭിഭാഷകനായ അഡ്വ. എ. സുരേശന്റെയും ക്രിമിനല്‍ കേസ് നടത്തിപ്പില്‍ മികവ് കാണിച്ചിട്ടുള്ള അനുയോജ്യരായ സീനിയര്‍ അഭിഭാഷകരുടെയും സേവനം പ്രയോജനപ്പെടുത്തി സുപ്രീം കോടതിയെ വീണ്ടും സമീപിച്ച് കൃത്യമായ തെളിവുകള്‍ ഇനിയും അവതരിപ്പിക്കാനുള്ള സര്‍വ്വ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം.
സ്ത്രീ സുരക്ഷയുടെ കാര്യം പ്രചരിപ്പിച്ച് അധികാരത്തില്‍ വന്ന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക ബാധ്യത ഉണ്ട്.
സെക്രട്ടറിയേറ്റില്‍ പോലും ഓണാഘോഷത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രി, ഭരണസിരാകേന്ദ്രത്തിനു തൊട്ടുതാഴെ ഓണാഘോഷത്തിന്റെ പേരില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നടത്തിയ അഴിഞ്ഞാട്ടത്തെക്കുറിച്ച് എന്തുപറയുന്നു എന്നറിയാന്‍ ആഗ്രഹമുണ്ട്.
ആഘോഷമല്ല, മറിച്ച് ആഘോഷാഭാസമാണ് നടന്നതെന്നും ജനങ്ങളെ ബുദ്ധിമുട്ടിച്ച ഇതിനുത്തരവാദികളായവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.