ചെന്നൈ: കേരളത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് തടസ്സപ്പെട്ട തീവണ്ടി ഗതാഗതം ശനിയാഴ്ച ഉച്ചയോടെ പുനഃസ്ഥാപിക്കു മെന്ന് ദക്ഷിണ റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം അറിയിച്ചു. വെള്ളം കയറിയതിനെ ത്തുടര്‍ന്നുണ്ടായ കേടുപാടുകള്‍ തീര്‍ക്കാനുള്ള അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്നുണ്ട്. ശനിയാഴ്ച ഉച്ചയോടെ പാലക്കാട്- മംഗലാപുരം റൂട്ടില്‍ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു. പാലക്കാട് നിന്ന് ഷൊര്‍ണ്ണൂരിലേക്കും ഷൊര്‍ണ്ണൂരില്‍നിന്ന് പട്ടാമ്പി യിലേക്കും ഗതാഗതം ഇതിനകം പുനഃസ്ഥാപിച്ചിട്ടുണ്ട്.
മഴയെത്തുടര്‍ന്ന് വെള്ളിയാഴ്ച കേരളത്തില്‍ സര്‍വീസ് നടത്തേണ്ടിയിരുന്ന 30 സര്‍വീസുകള്‍ പൂര്‍ണമായും 19 സര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കിയിരുന്നു. റദ്ദാക്കിയ തീവണ്ടികളില്‍ ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം ലഭിക്കാന്‍ സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാമെന്നും റെയില്‍വേ അറിയിച്ചു. ടിക്കറ്റ് നല്കിയാല് ലഭിക്കുന്ന ടിക്കറ്റ് ഡെപ്പോസിറ്റ് റസീപ്റ്റ് (ടി.ഡി.ആര്) വാങ്ങി പൂരിപ്പിച്ച് നല്കിയാല് പണം നല്‍കും. ടിക്കറ്റിന്റെ പണം ലഭിച്ചില്ലെങ്കില്‍ കാരണം കാണിച്ച് ചീഫ് കോമേഴ്സ്യല്‍ മാനേജര്‍/ പാസഞ്ചര്‍ മാര്‍ക്കറ്റിങ്, മൂര്‍മാര്‍ക്കറ്റ് കോംപ്ലക്സ്, ദക്ഷിണ റെയില്‍വേ, ചെന്നൈ എന്ന മേല്‍വിലാസത്തില്‍ അപേക്ഷ നല്‍കണം.
ചെന്നൈയില്‍ നിന്ന് ഷൊര്‍ണൂര്‍, പാലക്കാട് വഴി വെള്ളിയാഴ്ച സര്‍വീസ് നടത്തേണ്ടിയിരുന്ന എല്ലാ തീവണ്ടികളും റദ്ദാക്കിയിരുന്നു. പാലക്കാട് – ഒറ്റപ്പാലം, ഷൊര്‍ണൂര്‍- കുറ്റിപ്പുറം, ഫറോക്ക്- കല്ലായി പാതകളില്‍ വെള്ളം കയറിയതിനാലാണ് ഗതാഗതം നിര്‍ത്തിവെക്കേണ്ടി വന്നത്. ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം എ.സി. എക്സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍- മംഗലാപുരം മെയില്‍, ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം എക്സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍- മംഗലാപുരം എക്സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം മെയില്‍, ചെന്നൈ സെന്‍ട്രല്‍- മംഗലാപുരം വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, വേളാങ്കണ്ണി- എറണാകുളം എക്സ്പ്രസ്, മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ്, കാരയ്ക്കാല്‍-എറണാകുളം എക്സ്പ്രസ് എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്.