ന്യൂഡൽഹി: ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് മരണാനന്തര ബഹുമതിയായി പത്‌മവിഭൂഷൺ. ഗായിക കെ എസ് ചിത്രയ്‌ക്ക് പത്‌മഭൂഷൺ. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, കായിക പരിശീലകൻ മാധവൻ നമ്പ്യാർ (സ്പോർട്‌സ്), തോല്‍പാവക്കൂത്ത് കലാകാരന്‍ കെ കെ രാമചന്ദ്ര പുലവർ (ആർട്ട്), ബാലൻ പുത്തേരി (സാഹിത്യം–- വിദ്യാഭ്യാസം), ബോംബെ ജയശ്രീ തുടങ്ങിയവർക്ക് പത്‌മശ്രീ. കൽപ്പറ്റയിൽ പതിറ്റാണ്ടുകളായി ആതുരസേവനം നടത്തുന്ന ഡോ. ധനഞ്‌ജയ് ദിവാകർ സാഗ്‌ദേവിനും പത്‌മശ്രീയുണ്ട്.
പത്‌മവിഭൂഷൺ ഏഴ് പേർക്ക് ലഭിച്ചപ്പോൾ 10 പേർക്ക് പത്‌മഭൂഷണും 102 പേർക്ക് പത്‌മശ്രീയും നൽകി.
പുരസ്‌കാര ജേതാക്കളിൽ 10 പേർ വിദേശികള്‍. ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ അബെ, ഡോ. ബെല്ലെ മൊനപ്പ ഹെഗ്‌ഡെ (മെഡിസിൻ), മൗലാനാ വഹിയുദീൻ ഖാൻ (ആത്‌മീയം), ബി ബി ലാൽ (ആർക്കിയോളജി), സുദർശൻ സാഹൂ (കല) എന്നിവർക്ക് പത്‌മവിഭൂഷൺ. ശാസ്‌ത്ര–-സാങ്കേതിക വിഭാഗത്തിൽ അമേരിക്കയിൽനിന്നുള്ള നരീന്ദർ സിങ് കപാനിക്ക് മരണാനന്തര ബഹുമതിയായി പത്‌മവിഭൂഷൺ നൽകി.