തിരുവനന്തപുരം: സാധാരണക്കാർക്ക് പൊലീസിനെ സമീപിക്കാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. പൊലീസിനെ ഭയപ്പാടോടെ കാണേണ്ടിവരുന്നത് നിർഭാഗ്യകരമാണ്. സംസ്ഥാനത്തിന്റെ വക്താക്കളായി മാറാൻ ജനപ്രതിനിധികൾക്ക് ആകുന്നില്ലെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. ആദ്യ നിയമസഭ സമ്മേളനത്തിന്‍റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഴയ ഹാളിൽ ചേർന്ന പ്രത്യേക സഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ സഭാഹാളിൽ അവസാനസമ്മേളനം നടന്നത് ഇ.കെ. നായനാർ മുഖ്യമന്ത്രിയും എം. വിജയകുമാർ സ്പീക്കറും ആയിരിക്കെ 1998 ജൂണ്‍ 29നായിരുന്നു.
വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി സ്പീക്കറും മുഖ്യമന്ത്രിയും എംഎല്‍എമാരും നിയമസഭാ മന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സഭാ കവാടത്തിന് സമീപമുള്ള ഗാന്ധി, നെഹ്റു പ്രതിമകളിലും ഭരണഘടനാ ശില്‍പി അംബേദ്കറുടേയും മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍റേയും ശില്‍പങ്ങള്‍ക്ക് മുന്നിലുമാണ് പുഷ്പാര്‍ച്ചന നടത്തിയത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുഷ്പാര്‍ച്ചന. തുടര്‍ന്ന് ആദ്യ മുഖ്യമന്ത്രി ഇഎംഎസിന്‍റെ പ്രതിമയിലും നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. ഇഎംഎസ് പ്രതിമക്ക് മുന്നിലെ പുഷ്പാര്‍ച്ചന പ്രതിപക്ഷം ബഹിഷ്കരിച്ചു.