തിരുവനന്തപുരം : സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച ഏഴ് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌ക്കരൻ അറിയിച്ചു.
ജനുവരി നാലു വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശ പത്രികയുടെ സൂക്ഷമ പരിശോധന ജനുവരി അഞ്ചിന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തിയതി ജനുവരി ഏഴാണ്. ജനുവരി 21 ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ജനുവരി 22 ന് രാവിലെ എട്ടു മുതലാണ് വോട്ടെണ്ണൽ.
കൊല്ലം പൻമന ഗ്രാമപഞ്ചായത്തിലെ പറമ്പിമുക്ക്(05), ചോല(13), ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ പി.എച്ച്.സി വാർഡ് (07), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുൻസിപ്പൽ വാർഡ്(37), തൃശൂർ കോർപ്പറേഷനിലെ പുല്ലഴി വാർഡ്(47), കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ താത്തൂർപൊയ്യിൽ(11), കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി(07) എന്നിവിടങ്ങളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 20 ആണ്.