അങ്കണവാടി പെൻഷൻകാർക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം

50

തിരുവനന്തപുരം :സംസ്ഥാനത്തെ പെൻഷൻകാരായ അങ്കണവാടി ജീവനക്കാർക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പെൻഷൻകാരായ അങ്കണവാടിവർക്കർ മാർക്കും ഹെൽപ്പർമാർക്കും 1000 രൂപയാണ് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിക്കുന്നത്.

ഇതിനാവശ്യമായ തുക കേരള അങ്കണവാടി വർക്കേഴ്‌സ് ആന്റ് ഹെൽപ്പേഴ്‌സ് ക്ഷേമനിധി ബോർഡ് അക്കൗണ്ടിൽ നിന്നും തത്ക്കാലം വഹിക്കുന്നതിനും അനുമതി നൽകി. ഇതിനാവശ്യമായ തുകയുടെ 50 ശതമാനം സർക്കാർ പിന്നീട് ബോർഡിന് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെൻഷൻ തുക അടുത്തിടെ വർധിപ്പിച്ചിരുന്നു. അങ്കണവാടി വർക്കർമാരുടെ പ്രതിമാസ പെൻഷൻ തുക 1000ൽ നിന്നും 2,000 രൂപയും ഹെൽപ്പർമാരുടെ പ്രതിമാസ പെൻഷൻ തുക 600ൽ നിന്നും 1,200 രൂപയുമായാണ് വർദ്ധിപ്പിച്ചത്.

നേരത്തെ അങ്കണവാടി വർക്കർമാരുടെ പ്രതിമാസ പെൻഷൻ 500 രൂപയും ഹെൽപ്പർമാരുടേത് 300 രൂപയും ആയിരുന്നത് ഈ സർക്കാരാണ് 1000 രൂപയും 600 ആക്കി വർധിപ്പിച്ചത്. ഇതോടെ ഈ സർക്കാർ അധികാരമേറ്റ ശേഷം അങ്കണവാടി ജീവനക്കാരുടെ പെൻഷൻ തുകയുടെ 400 ശതമാനം വർധനവാണ് വരുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

NO COMMENTS