തിരുവനന്തപുരം : 18-45 പ്രായ പരിധിയിലുള്ളവർ വാക്സിൻ സ്വീകരിക്കുന്നതിനു മുമ്പ് രക്തദാനത്തിന് തയ്യാറാ വണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. വാക്സിൻ സ്വീകരിച്ചു കഴിഞ്ഞാൽ ഒരു മാസത്തേക്ക് രക്തം കൊടുക്കാൻ പാടില്ലെന്ന വിദഗ്ധ അഭിപ്രായം പരിഗണിച്ചാണ് വാക്സിനേഷന് മുമ്പേ രക്തം ദാനം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നത്. രക്തദാനത്തിനുവേണ്ടി പ്രത്യേക ഇടപെടൽ നടത്താൻ യുവജന – സന്നദ്ധ സംഘടനകളും ഈ ഘട്ടത്തിൽ തയ്യാറാകണം.
രക്ത ബാങ്കുകളിൽ രക്തത്തിന് ക്ഷാമം നേരിടാനിടയുണ്ടെന്ന് പ്രതിപക്ഷനേതാവ് സർവകക്ഷിയോഗത്തിൽ ചൂണ്ടി ക്കാണിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രക്തദാനത്തിന് ആളുകൾ പൊതുവെ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്നം. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിയന്ത്രിക്കുന്നതിനും ഏകീകരിക്കു ന്നതിനും അവരുടെ പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തിയത് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. വളരെ അനുകൂലമായ പ്രതികരണമാണ് അവരിൽ നിന്നുമുണ്ടായത്. എന്നാൽ വലിയ നിരക്ക് ഈടാക്കുന്നുവെന്ന പരാതി അതിനു ശേഷവും ഉയർന്നുവരുന്നുണ്ട്. ഇക്കാര്യം സർക്കാർ പ്രത്യേകമായി പരിശോധിക്കും.
കോവിഡ് വ്യാപനത്തിന്റെ ഗൗരവം മുന്നിൽ കണ്ട് ആശുപത്രികളിൽ കിടക്കയും ഐസിയുവും വെൻറിലേറ്ററും ഓക്സിജനും മരുന്നും ഉറപ്പുവരുത്താൻ സർക്കാർ എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ട്. വളരെ ശ്രദ്ധയോടെയാണ് സർക്കാർ നീങ്ങുന്നത്. കൃത്യമായി അവലോകനവും നടത്തുന്നുണ്ട്. ഇപ്പോൾ ഒന്നിനും ഒരു കുറവും വന്നിട്ടില്ല.
ജയിലുകളിൽ കോവിഡ് പടരുന്നത് കണക്കിലെടുത്ത് പ്രത്യേകമായി പരോൾ നൽകണമെന്ന ആവശ്യം സർക്കാർ പരിശോധിക്കും. എന്നാൽ, എല്ലാവർക്കും വാക്സിൻ നൽകുന്നതിനാണ് മുൻഗണന നൽകുന്നത്.
ആർടിപിസിആർ ടെസ്റ്റിന്റെ ഫലം വൈകുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ആളുകളെ കൂട്ടത്തോടെ പരിശോധനക്ക് വിധേയമാക്കിയതുകൊണ്ടാണ് ഫലം ലഭിക്കുന്നതിൽ താമസം നേരിട്ടത്. ആ പ്രശ്നം പരിഹരിക്കും. ഇഎസ്ഐ ആശുപത്രികളെകൂടി കോവിഡ് ചികിത്സയുടെ ഭാഗമാക്കണമെന്ന നിർദ്ദേശം ആരോഗ്യവകുപ്പ് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.