കൊച്ചി: 15 രാജ്യങ്ങളിലെ ഷെഫുമാര്‍ തമ്മിലുള്ള മത്സരമല്ല, 15 ഭക്ഷണ സംസ്‌കാരങ്ങള്‍ തമ്മിലുള്ള മത്സരമായിരുന്നു കേരള ടൂറിസം സംഘടിപ്പിച്ച കൊച്ചി സ്‌പൈസ് റൂട്ട് പാചക മേളയില്‍ അരങ്ങേറിയത്. അതുകൊണ്ടുതന്നെ വിധിനിര്‍ണയം എളുപ്പമല്ലായിരുന്നുവെന്ന് വിധികര്‍ത്താക്കളുടെ സാക്ഷ്യപ്പെടുത്തല്‍. വേറിട്ട അനുഭവമായിരുന്നു അതെന്ന് ജൂറിചെയര്‍മാനായിരുന്ന വിജയ് നാഗ്പാല്‍ അടക്കമുള്ളവര്‍ പറയുന്നു. അദ്ദേഹത്തോടൊപ്പം മഹീന്ദ്ര ഹോളിഡെയ്‌സിലെ ദേബ് രാജ് ഭൗമിക്കും, രാഷ്ട്രപതിയുടെ എക്‌സിക്യൂട്ടീവ് ഷെഫ് മോണ്ടു സൈനിയുമാണ് വിധി നിര്‍ണയ സമിതിയിലുണ്ടായിരുന്നത്.ഒരേ മാനദണ്ഡം വച്ച് 15 രാജ്യങ്ങളിലെ ഷെഫുമാരെ അളക്കാന്‍ സാധിക്കാത്തതിനാല്‍ പുതിയ നിയമാവലി വിധികര്‍ത്താക്കള്‍ ഇവിടെ പരീക്ഷിച്ചു. ഏതുവിഭവം ഉണ്ടാക്കിയാലും അതിന്റെ 80 ശതമാനം വസ്തുക്കള്‍ പ്രാദേശികമായി വാങ്ങണമെന്നതായിരുന്നു നിബന്ധന. അതിനാല്‍ തന്നെ വിഭവങ്ങള്‍ക്ക് കേരളീയ സ്വഭാവം കൈവന്നു.പഴയതും പുതിയതുമായ പാചക സംസ്‌കാരത്തിന്റെവൈവിദ്ധ്യമാണ് ഇവിടെ ഉണ്ടായതെന്ന് ഷെഫ് ദേബ് രാജ് ഭൗമിക് ചൂണ്ടിക്കാട്ടി. സ്‌പൈസ്‌റൂട്ട് എന്ന പ്രമേയത്തോടൊപ്പം പ്രാദേശികമായ ഉത്പന്നങ്ങള്‍ ഉപയോഗിച്ച്‌സ്വന്തം രാജ്യത്തെ രുചി സൃഷ്ടിച്ചെടുക്കുക എന്നത് വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.സ്റ്റാര്‍ട്ടര്‍, മെയിന്‍കോഴ്‌സ്, ഡെസേര്‍ട്ട്‌സ് എന്നീ വിഭാഗങ്ങളിലെ വിഭവങ്ങളാണ് ഒരുക്കേണ്ടിയിരുന്നത്. അതില്‍തന്നെ പ്ലേറ്റ്, അവതരണം, രുചി, നിറം, ശുചിത്വം എന്നിവയ്ക്കാണ്മാര്‍ക്കുള്ളത്.ഗാര്‍ഹിക പാചകക്കാരും ഷെഫുമാരും തമ്മിലുള്ള വ്യത്യാസം ഇവിടെയാണ് മനസിലാകുന്നതെന്ന് മോണ്ടു സൈനി പറഞ്ഞു. ഒരു പതിവെന്ന രീതിയിലാണ്വീടുകളില്‍ പാചകം നടക്കുന്നത്. എന്നാല്‍ പ്രൊഫഷണല്‍ ഷെഫുമാര്‍ വ്യത്യസ്തരാണ്. ഒരുവിഭവത്തിന്റെ മികവും പോരായ്മയും ഷെഫുമാര്‍ പെട്ടെന്ന് മനസിലാക്കുന്നു.കേവലം പാചക മത്സരമെന്നതിലുപരി രാജ്യങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക വിനിമയമാണ് സ്‌പൈസ്‌റൂട്ട് എന്ന പ്രമേയത്തിലൂടെ കൈവരിച്ചതെന്ന് മോണ്ടു സൈനി ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ പരീക്ഷണങ്ങള്‍ അവരവരുടെ തനത് രുചികളില്‍ വരുത്താന്‍ ഈ മത്സരങ്ങള്‍ ഷെഫുമാരെ പ്രാപ്തരാക്കുമെന്നും സൈനി കൂട്ടിച്ചേര്‍ത്തു.അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഇത്തരം ഉദ്യമം സംഘടിപ്പിച്ചതില്‍ കേരള ടൂറിസം അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് ഷെഫ് ഭൗമിക് പറഞ്ഞു. കേരളത്തിന്റെ ടൂറിസം കലണ്ടറിലെ സ്ഥിരം പരിപാടിയായി ഇതിനെ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സ്‌പൈസ് റൂട്ട് പാചകമേളയിലെ ജനപങ്കാളിത്തവും അനുഭവ സമ്പത്തും കണക്കിലെടുത്താല്‍ വര്‍ഷം തോറും ഈ മേള നടത്താതിരിക്കാനാവില്ലെന്ന് സന്ദര്‍ശകര്‍ പറയുന്നു.