കൊച്ചി: കേരള ടൂറിസത്തിന്റെ സ്‌പൈസ് റൂട്ട് രാജ്യാന്തര പാചക മത്സരത്തില്‍ പങ്കെടുക്കാനെത്തിയ 15 രാജ്യങ്ങളിലെ പാചകവിദഗ്ധര്‍ തങ്ങളുടെ വിഭവങ്ങള്‍ക്കുള്ള സാധനങ്ങള്‍ ശേഖരിക്കാനായി കൊച്ചിയിലെ മാര്‍ക്കറ്റുകളില്‍ ചുറ്റിനടന്നപ്പോള്‍ അത് അവര്‍ക്കും നാട്ടുകാര്‍ക്കും കൗതുകമായി. മത്സരത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം ഷെഫുമാര്‍ കൊച്ചിയിലെ വരാപ്പുഴ, എറണാകുളം മാര്‍ക്കറ്റുകളില്‍നിന്നുതന്നെ സാധനങ്ങള്‍ സംഭരിക്കണം. തങ്ങള്‍ക്കു വേണ്ടുന്നതെല്ലാം ലഭിക്കുമോ എന്ന സംശയത്തില്‍ മാര്‍ക്കറ്റിലിറങ്ങിയ വിദേശ ഷെഫുമാര്‍ ആവേശഭരിതരായി. ‘കാണാനും കേള്‍ക്കാനും മണത്തുനോക്കാനുമൊക്കെ എന്തെല്ലാം സാധനങ്ങള്‍’, ഇറ്റലിയില്‍നിന്നെത്തിയ ജിയാനിലുക്ക മെനെല്ല അത്ഭുതം കൂറി. ”ഉള്ളതെല്ലാം കച്ചവടക്കാര്‍ ഉറക്കെ വിളിച്ചുപറയുന്നു. മീന്‍, ഇറച്ചി, പച്ചക്കറികള്‍ എല്ലാം ആവശ്യംപോലെ അടുക്കിവച്ചിരിക്കുന്നു. സുഗന്ധ വ്യഞ്ജനങ്ങള്‍ വേറെ. വാങ്ങാനെത്തുന്നവരാകട്ടെ വില പേശി, തങ്ങള്‍ക്കു വേണ്ടതെല്ലാം സ്വന്തമാക്കുന്നു”, ജിയാനിലുക്കയ്ക്ക് ഇതെല്ലാം പുത്തന്‍ അനുഭവങ്ങളായിരുന്നു.
ഇന്ന് (സെപ്റ്റംബര്‍ 25, ഞായര്‍) നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി, പ്രാദേശികമായി കൃഷിചെയ്തതുമായ ഉത്പ്പന്നങ്ങള്‍ ശേഖരിക്കുന്നതിനുപുറമെ പരിചയപ്പെടുന്നതിനും പ്രാദേശിക ഭക്ഷണരീതികള്‍ മനസിലാക്കുന്നതിനും ഷെഫുമാര്‍ ഈ അവസരം ഉപയോഗിച്ചു.
രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള സുഗന്ധവ്യഞ്ജന നാവികപാതയിലുടനീളമുള്ള രുചിഭേദങ്ങള്‍ ആഘോഷിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച പുതിയ സംരംഭമായ സ്‌പൈസസ് റൂട്ട് കളിനറി ഫെസ്റ്റിവല്‍ യുനെസ്‌കൊ, ടൂറിസം മന്ത്രാലയം എന്നിവരുമായി സഹകരിച്ചാണ് കേരള ടൂറിസം സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച്ച് ആരംഭിച്ച ഭക്ഷ്യമേള തിങ്കളാഴ്ച വരെ ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടില്‍ നടക്കും.പാചകപ്രേമികളെ സംബന്ധിച്ചിടത്തോളം ഇത് സ്വര്‍ഗത്തിലെത്തിയതിന് തുല്യമാണെന്ന് ഇറാനില്‍നിന്നെത്തിയ ഷെഫ് സമീറ ജന്നത്ദൗസ്ത് പറഞ്ഞു. ചന്തയില്‍ കാണുന്ന മത്സ്യങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് സമീറയെ അത്ഭുതപ്പെടുത്തിയത്. കേരളത്തിന് ഇതില്‍ അഭിമാനിക്കാമെന്ന് അവര്‍ പറഞ്ഞു. വഴികാട്ടികളായെത്തിയ യുവസന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പ്രശസ്തരായ ഷെഫുമാര്‍ സാധനങ്ങള്‍ സംഭരിച്ചത്. നെതര്‍ലാന്‍ഡ്‌സില്‍ നിന്നെത്തിയ ഷെഫ് ബോബ് ബര്‍ഗറിനും പറയാനുണ്ടായിരുന്നത് കേരളത്തിന്റെ വൈവിധ്യമാര്‍ന്ന മത്സ്യസമ്പത്തിനെക്കുറിച്ചാണ്. നെതര്‍ലാന്‍ഡ്‌സില്‍ ലഭ്യമല്ലാത്ത പല മത്സ്യങ്ങളും ഇവിടെ ലഭ്യമാണ്. സസ്യാഹാരികള്‍ക്കുവേണ്ട ഒരു വിഭവത്തിനായി കുറച്ച് പച്ചക്കറികളും വാങ്ങിയതായി അദ്ദേഹം പറഞ്ഞു. തുര്‍ക്കിയില്‍ നിന്നെത്തിയ ഷെഫ് നെയ്ഫ് ബാഗി കേരളാ സ്റ്റൈല്‍ ഒരു മീറ്റര്‍ ചായയടി പോലും പരീക്ഷിക്കാന്‍ തയ്യാറായി.
ഈജിപ്റ്റ്, ഇറാന്‍, ലെബനന്‍, ജര്‍മനി, സ്‌പെയിന്‍, പോര്‍ചുഗല്‍, തായ്‌ലാന്‍ഡ്, ഒമാന്‍, തുര്‍ക്കി, ഖത്തര്‍, നെതര്‍ലാന്‍ഡ്‌സ്, ഫ്രാന്‍സ്, മലേഷ്യ, ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ പ്രമുഖ ഷെഫുമാര്‍ ദൈവത്തിന്റെ സ്വന്തം നാടിന്റെ ഭക്ഷ്യ, സാംസ്‌കാരിക സവിശേഷതകള്‍ പരിചയപ്പെടുകയും പരമ്പരാഗത കേരള പാചകരീതിയെപ്പറ്റിയുള്ള പ്രദര്‍ശനം കാണുകയും കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങളും ചേരുവകളും ചേര്‍ത്ത് തയ്യാറാക്കുന്ന വിഭവങ്ങള്‍ സൃഷ്ടിക്കാന്‍ മത്സരിക്കുകയും ചെയ്യും.