അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് പാചകമേളയില്‍ വേറിട്ട് നിന്നത് രാമശ്ശേരി ഇഡ്ഡലി

162

കൊച്ചി: തനതു ഭക്ഷണത്തിന്റെ രുചിഭേദങ്ങള്‍ തേടി വിവിധ രാജ്യങ്ങളിലെ പ്രശസ്തരായ ഷെഫുമാര്‍ കൊച്ചിയില്‍ മത്സരിച്ചപ്പോള്‍ പാലക്കാട്ടെ പ്രശസ്തമായ രാമശ്ശേരി ഇഡ്ഡലിക്ക് ആരാധകരേറെ. കൊച്ചിയില്‍ കേരളം ടൂറിസം സംഘടിപ്പിച്ച സ്‌പൈസ് റൂട്ട് അന്താരാഷ്ട്ര പാചക മേളയിലേക്ക് ആ പ്രശസ്തിയെ കൊണ്ടുവന്നത് രാമശ്ശേരി സ്വദേശിയായ മഹേഷ് കുട്ടി.മത്സരത്തിലൊന്നും വലിയ താത്പര്യമില്ല, നമ്മുടെ നാടിന്റെ രുചി ജനങ്ങളറിയട്ടെ എന്നു വിചാരിച്ചു’, തനി പാലക്കാടന്‍ ശൈലിയില്‍ മഹേഷ് തന്റെ മനസു തുറന്നു. കേരളത്തിനുള്ളിലെ പ്രൊഫഷണല്‍ ഷെഫുകള്‍ക്കായുള്ള മത്സരത്തിലാണ് മഹേഷ് പങ്കെടുത്തത്. ഫ്യൂഷന്‍ പാചകത്തിലൊന്നും താത്പര്യമില്ലാത്ത മഹേഷ് വിശ്വസിക്കുന്നത് രുചികളെല്ലാം അതിന്റെ തനതു രീതിയില്‍ കലര്‍ന്നു ചേരുന്നതിലാണ് വിഭവത്തിന്റെ മികവിലാണ്. അച്ചടി-ദൃശ്യമാധ്യമങ്ങളിലൂടെ പ്രശസ്തമായതാണ് രാമശ്ശേരി ഇഡ്ഡലി. പാലക്കാട് നഗരത്തിനു സമീപത്താണ് രാമശ്ശേരിയെന്ന ഗ്രാമം. അവിടെത്തന്നെ തനതു ഇഡ്ഡലി കിട്ടുന്ന സ്ഥലങ്ങള്‍ വളരെ കുറവാണ്. ഇഡ്ഡലിമാവ് ദോശയുടെ വലുപ്പത്തില്‍ തട്ടിലൊഴിച്ച് ആവിയില്‍ വേവിച്ചെടുക്കുന്നതാണ് രാമശ്ശേരി ഇഡ്ഡലി. പ്രത്യേകം തയ്യാറാക്കിയ പാത്രത്തിലാണ് മഹേഷ് കുട്ടി രാമശ്ശേരി ഇഡ്ഡലി തയ്യാറാക്കുന്നത്. മണ്‍പാത്രം ഇഡ്ഡലിയുടെ വലുപ്പത്തിനനുസരിച്ച് മുറിച്ചെടുത്താണ് തട്ട് ഉണ്ടാക്കുന്നത്. ഇതു മാത്രമല്ല മഹേഷിന്റെ പ്രത്യേകത. പാലക്കാടന്‍ രീതിയില്‍ തേങ്ങയരച്ച സാമ്പാര്‍, നാടന്‍ കോഴിക്കറി, വെജിറ്റബിള്‍ കറി എന്നിവയാണ് അദ്ദേഹം ഒരുക്കിയ വിഭവങ്ങള്‍. രാമശ്ശേരി ഇഡ്ഡലിയുടെ രഹസ്യം ചോദിച്ചു വരുന്നവരോട് അദ്ദേഹത്തിന് പറയാന്‍ കാര്യമായൊന്നുമില്ല. ഉഴുന്നും അരിയ്ക്കുമൊപ്പം ആവണക്കിന്റെ കുരു കൂടിയിട്ടാണ് ഇഡ്ഡലി തയ്യാര്‍ ചെയ്യുന്നത്. അതിന്റെ പാകമറിയുകയെന്നതാണ് ഏറ്റവും പ്രാധാന്യം. പക്ഷേ ഇതറിയാവുന്നവര്‍ കുറഞ്ഞു വരികയാണെന്നും മഹേഷ് പറഞ്ഞു.വിഭവങ്ങള്‍ ഒരുക്കി വച്ചതിലും മഹേഷ് വേറിട്ടു നിന്നു. പാലക്കാട്ടെ പാടങ്ങളിലേക്ക് ഭക്ഷണത്തെ കൊണ്ടു പോകുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചത്. വിഭവങ്ങളിലെ നാടന്‍ രുചി വേറിട്ടു നിന്നുവെന്ന് വിധികര്‍ത്താക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.തനി നാടന്‍ രീതിയിലുള്ള അദ്ദേഹത്തിന്റെ സംസാരവും പാചകരീതിയും നിരവധി സന്ദര്‍ശകരെയാണ് ആകര്‍ഷിച്ചത്. കറിവേപ്പിലയും വറ്റല്‍മുളകും താളിക്കുന്നതെല്ലാം കൈ കൊണ്ടു തന്നെയാണ്. അടുക്കളയിലെ പരിചയ സമ്പന്നത പുസ്തകത്തിലെ പാചകത്തെക്കാള്‍ ശ്രേഷ്ഠമാണെന്ന് തെളിയിക്കുകയാണ് മഹേഷ് കുട്ടി.

NO COMMENTS

LEAVE A REPLY