ഇടുക്കി: സ്‌പൈസസ് ബോര്‍ഡിന്റെ പുറ്റടി, തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ എന്നിവിടങ്ങളിലെ ഇ-ലേല കേന്ദ്രങ്ങളില്‍ ഏലത്തിന്റെ ലേലം ദിവസത്തില്‍ ഒന്നു മാത്രമായി നിജപ്പെടുത്തി. ചെറുകിട ഏലം കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുന്നതിനായാണ് ഈ തീരുമാനം. പുതുക്കിയ ക്രമപ്രകാരം മേയ് 21 മുതല്‍ ദിവസത്തില്‍ ഒരു ലേലം എന്ന സമ്പ്രദായം നിലവില്‍ വരും. ഒരു ദിവസം രണ്ട് ലേലത്തിന് അവസരം നല്‍കുമ്പോള്‍ ലേലം കൊള്ളാന്‍ വരുന്ന വ്യാപാരികള്‍ക്ക് ഏലയ്ക്കയുടെ ഗുണമേ• ശരിയായ തോതില്‍ വിലയിരുത്താന്‍ സമയം ലഭിക്കില്ലെന്നത് കണക്കിലെടുത്താണിത്. ധൃതിയില്‍ ലേലം നടക്കുമ്പോള്‍ ഏലത്തിന് വില കുറയുന്നതും ഫലത്തില്‍ അത് കര്‍ഷകര്‍ക്ക് ദോഷകരമാകുന്നതും കണക്കിലെടുത്താണ് സ്‌പൈസസ് ബോര്‍ഡിന്റെ ഈ തീരുമാനം.
സ്‌പൈസസ് ബോര്‍ഡില്‍ ലൈസന്‍സുള്ള ലേലക്കാര്‍ക്കാണ് ഇ-ലേലം നടത്താന്‍ അനുവാദമുള്ളത്. നിലവില്‍ ദിവസത്തില്‍ രണ്ട് ലേലക്കാര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഇ ലേലത്തിന് വയ്ക്കാമായിരുന്നു. സീസണ്‍ സമയത്ത് 300 നും 500 നുമിടയ്ക്ക് ലോട്ടുകളാണ് ഓരോ ലേലത്തിനുമെത്തിക്കുന്നത്. ലേലം കൊള്ളാന്‍ വരുന്നവര്‍ക്ക് ഓരോ സാമ്പിളും പരിശോധിക്കാനുള്ള അവസരമുണ്ടാകും. എന്നാല്‍ ദിവസത്തില്‍ രണ്ട് ലേലം നടക്കുമ്പോള്‍ ഏലയ്ക്കയുടെ ഗുണമേ• വിലയിരുത്താന്‍ വേണ്ടത്ര സമയം ലഭിക്കില്ല. മാത്രമല്ല, രണ്ടാമത്തെ ലേലം കഴിയുന്നത് പലപ്പോഴും രാത്രി വൈകിയാണ്. അതിനാല്‍ ലേലം കൊള്ളാന്‍ വരുന്ന വ്യാപാരികള്‍ കുറയുന്നുവെന്നും അതുവഴി വിലയിടവുണ്ടാകുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ദിവസത്തില്‍ രണ്ട് ലേലം നടക്കുമ്പോള്‍ ചെറുകിട കര്‍ഷകര്‍, ഏലം വ്യാപാരികള്‍ എന്നിവരുടെ വരുമാനത്തെ ബാധിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എ ജയതിലക് പറഞ്ഞു. അതിനാല്‍ തന്നെ കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുന്നതിനായി ദിവസത്തില്‍ ഒറ്റ ലേലം എന്ന മുന്‍ സമ്പ്രദായത്തിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
മേയ് 21 മുതല്‍ ജൂണ്‍ 30 വരെയുള്ള ഏലം ഇ-ലേല തിയതികളാണ് സ്‌പൈസസ് ബോര്‍ഡ് പുറത്തു വിട്ടിരിക്കുന്നത്. ഞായര്‍ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ പത്തു മുതല്‍ ഏലം ലോട്ട് തീരുന്നതു വരെയാണ് ലേലം. ഒന്നിടവിട്ട ദിവസങ്ങളില്‍ പുറ്റടിയിലും ബോഡി നായ്ക്കന്നൂരിലുമായിരിക്കും ഇ-ലേലം നടക്കുന്നത്. ആദ്യ ലേലം മേയ 21ന് ബോഡിനായ്ക്കന്നൂരില്‍ നടക്കുമ്പോള്‍ രണ്ടാം ലേലം 22ന് പുറ്റടിയിലാണ് നടക്കുന്നത്. ഓരോ ലേല കേന്ദ്രങ്ങളിലും 15 വീതം ലേലങ്ങളാണ് നടക്കുക. വിശദമായ ലേല ക്രമം സ്‌പൈസസ് ബോര്‍ഡിന്റെ വെബ്‌സൈറ്റായ www.indianspices.com ല്‍ ലഭിക്കും.