തിരുവനന്തപുരം : സംസ്ഥാന കായിക യുവജന കാര്യാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിലേക്കും കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിലേക്കും ഫുട്‌ബോൾ, അത്‌ലറ്റിക്‌സ്, ഹോക്കി, ജൂഡോ, ബോക്‌സിംഗ്, വോളിബോൾ, ക്രിക്കറ്റ്, വെയിറ്റ് ലിഫ്റ്റിംഗ്, റസ്ലിംഗ്, തായ്‌കോണ്ടോ വിഭാഗങ്ങളിൽ പരിശീലകരായി സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ്, ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു.
സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയ്ക്ക് അതത് കായിക ഇനത്തിൽ പരിശീലകരായി പത്ത് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, എൻ.ഐ.എസ് ഡിപ്ലോമ അഥവാ അന്തർദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ചിട്ടുള്ള കായികതാരങ്ങളെ വളർത്തിയെടുത്തിട്ടുള്ള പരിചയം എന്നിവ അടിസ്ഥാന യോഗ്യതയായി പരിഗണിക്കും.
ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയ്ക്ക് എൻ.ഐ.എസ്/എം.പി.ഇ.ഡി യോഗ്യത, അതത് വിഭാഗത്തിലുള്ള പരിശീലന പരിചയം എന്നിവ അടിസ്ഥാന യോഗ്യതയായി പരിഗണിക്കും. അപേക്ഷകർക്കുള്ള പരമാവധി പ്രായപരിധി 60 വയസ്സാണ്.രണ്ട് തസ്തികകളിലേക്കും പരിശീലനരംഗത്തെ ആധുനിക സാങ്കേതിക വിദ്യയിലുള്ള പരിജ്ഞാനം അധികയോഗ്യതയായി പരിഗണിക്കും.
www.sportskerala.org എന്ന വെബ്‌സൈറ്റിൽ ലഭ്യമായ നിശ്ചിതമാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ജൂലൈ അഞ്ചിന് മുമ്പ് ഡയറക്ടർ, കായികയുവജന കാര്യാലയം, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖാന്തരമോ എത്തിക്കണം. ഫോൺ:0471-2326644