കിങ്സ്റ്റൺ ∙ ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനു ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആതിഥേയർ 196 ന് ഓൾഔട്ടായി. 52.3 ഓവറിൽ എല്ലാവരും പവലിയനിലെത്തി. 52 റൺസിന് അഞ്ചു വിക്കറ്റു വീഴ്ത്തിയ അശ്വിനാണ് വിൻഡീസിനെ തകർത്തത്.
ക്രെയ്ഗ് ബ്രാത്‌വെയ്റ്റും ഡാരെൻ ബ്രാവോയും സ്കോർ ബോർഡിൽ നാലു റൺസെടുത്തപ്പോഴേക്കും മടങ്ങിയെത്തി. രണ്ടു പേരെയും തൊട്ടടുത്ത പന്തുകളിൽ ഇശാന്ത് ശർമയാണ് മടക്കിയത്. രണ്ടാം ഓവറിലെ നാലാം പന്തിൽ ബ്രാത്‌വെയ്റ്റിനെ (ഒന്ന്) ഷോർട് ലെഗിൽ പൂജാരയുടെ കയ്യിലെത്തിച്ചു.
അടുത്ത പന്തിൽ ബ്രാവോ സ്ലിപ്പിൽ കോഹ്‌ലിയുടെ ഉജ്വല ക്യാച്ചിൽ പൂജ്യനായി മടങ്ങി. അഞ്ചാം ഓവറിന്റെ ആദ്യ പന്തിൽ രാജേന്ദ്ര ചന്ദ്രികയെ ഷമിയും മടക്കിയതോടെ വിൻഡീസിന്റെ നില പരിതാപകരമായി.എന്നാൽ ഏകദിന ശൈലിയിൽ ബാറ്റുവീശിയ ജർമെയ്ൻ ബ്ലാക്ക്‌വുഡും (62) മർലോൺ സാമുവൽസും വിൻഡീസിന് പ്രതീക്ഷ പകർന്നു. കമ്മിൻസ് 24 റൺസ് നേടി പുറത്താകാതെ നിന്നു. മഴ പെയ്തതിനാൽ കളി ഇടയ്ക്കു തടസ്സപ്പെട്ടു.