ബെംഗളൂരുവില്‍ മെട്രോ സ്റ്റേഷന് ശ്രീനാരായണഗുരുവിന്‍റെ പേര് നല്‍കും

302

ബെംഗളൂരു • നമ്മ മെട്രോ സ്റ്റേഷനുകളിലൊന്ന് ഇനി ശ്രീനാരായണഗുരുവിന്റെ പേരില്‍ അറിയപ്പെടും. കര്‍ണാടക സര്‍ക്കാര്‍ നിയമസഭാ മന്ദിരത്തില്‍ സംഘടിപ്പിച്ച ഗുരുജയന്തി ആഘോഷച്ചടങ്ങിലായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനം. ബെംഗളൂരു നഗരത്തില്‍ ഗുരുവിന്റെ പ്രതിമയും സ്ഥാപിക്കും.
ഇത്തവണത്തെ മൈസൂരു ദസറയില്‍ ഗുരുദേവദര്‍ശനങ്ങളുടെ നിശ്ചലദൃശ്യം അവതരിപ്പിക്കും. മംഗളൂരുവിലെ ശ്രീനാരായണ ഗവേഷണ കേന്ദ്രത്തിനു കൂടുതല്‍ ധനസഹായം നല്‍കും. അടുത്ത വര്‍ഷംമുതല്‍ താലൂക്കുതലങ്ങളിലും ഗുരുജയന്തി ആഘോഷം സംഘടിപ്പിക്കും. ജാതി ഉച്ചനീചത്വങ്ങളെ തള്ളിപ്പറഞ്ഞു നവോത്ഥാനരംഗത്തു ശ്രീനാരായണഗുരു വെട്ടിത്തുറന്ന പാത രാജ്യത്തിനു മാതൃകയാണെന്നു സിദ്ധരാമയ്യ പറഞ്ഞു.
കര്‍ണാടക സര്‍ക്കാര്‍ ആദ്യമായാണ് ഔദ്യോഗികമായി ഗുരുജയന്തി ആഘോഷിക്കുന്നത്. കേരളത്തിലെ ഈഴവസമുദായത്തിനു സമാനമായ കര്‍ണാടകയിലെ ബില്ലവ അസോസിയേഷന്‍ പ്രസിഡന്റ് വേദകുമാര്‍, ആര്യ ഈഡിക സംഘം പ്രസിഡന്റ് ജെ.പി.നാരായണസ്വാമി, എസ്‌എന്‍ഡിപി കര്‍ണാടക യൂണിയന്‍ സെക്രട്ടറി അഡ്വ. സത്യന്‍ പുത്തൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഈ ആവശ്യങ്ങളുന്നയിച്ചു മുഖ്യമന്ത്രിക്കു നിവേദനം നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.മെട്രോ നോര്‍ത്ത് – സൗത്ത് കോറിഡോറിലെ സമ്ബിഗെ റോഡ്, പീനിയ എന്നീ സ്റ്റേഷനുകളില്‍ ഒന്നിനു ശ്രീനാരായണഗുരുവിന്റെ പേരിടണമെന്ന് എസ്‌എന്‍ഡിപി കര്‍ണാടക യൂണിയന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY