പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്തിയവരെ ഹൈന്ദവ സംഘടനകള്‍ തടഞ്ഞു

173

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്നു മുതല്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച്‌ കയറാമെന്ന ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് നടപ്പായില്ല. ഇന്ന് രാവിലെ തന്നെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി ക്ഷേത്രത്തിലെത്തി. ചുരിദാര്‍ ധരിച്ച്‌ ക്ഷേത്ര ദര്‍ശനത്തിനെത്തിയ സ്ത്രീകളെ ഇവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ മടക്കി അയക്കുകയായിരുന്നു. രാവിലെ ഏഴു മണിക്ക് തന്നെ സ്ത്രീകളെ തടയാനായി പ്രതിഷേധക്കാര്‍ ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലാണ് പ്രതിഷേധക്കാര്‍ സ്ത്രീകളെ തടയുന്നത്. എന്നാല്‍ കിഴക്കേ നടയിലൂടെ ഇന്ന് സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച്‌ പ്രവേശിച്ചു. ഇന്നലെയാണ് ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച്‌ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. രണ സമിതിയുടേയും രാജകുടുംബ പ്രതിനിധിയുടേയും എതിര്‍പ്പ് മറികടന്നായിരുന്നു ചീഫ് എക്സിക്യുട്ടീവ് ഓഫിസറുടെ തീരുമാനം. തിരുവനന്തപുരംസ്വദേശിയായ അഡ്വ.റിയ രാജുവാണ് ചുരിദാറിട്ട് കയറാന്‍ അനുമതി വേണമെന്ന് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. ഹൈക്കോടതി എക്സിക്യുട്ടീവ് ഓഫീസറോട് വിശദീകരണം തേടുകയായിരുന്നു. ചുരിദാറിന്റെ മുകളില്‍ ഒരു നാട കെട്ടണമെന്നായിരുന്നു രാജകുടുംബ പ്രതിനിധിയുടെ നിര്‍ദ്ദേശം. ഭരണ സമിതിയുടെ പൊതു അഭിപ്രായം ചുരിദാറിനു മുകളില്‍ മുണ്ട് വേണമെന്നായിരുന്നു. ഇതെല്ലാം മറികടന്നാണ് ചുരിദാറും മറ്റ് പാരമ്ബര്യ വസ്ത്രങ്ങളും ധരിക്കാമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. ലെഗ്ഗിന്‍സും ജീന്‍സും നിരോധിച്ചിട്ടുണ്ട്. ആചാരത്തിന്‍റെ പേരില്‍ ചുരിദാറിനു മുകളില്‍ മുണ്ടുടുപ്പിക്കുന്നതിനെതിരെയും, അമിത തുക ഈടാക്കി ഉടുത്തതും പഴയതുമായ മുണ്ടുകള്‍ നല്‍കുന്നുവെന്നുമൊക്കെയുള്ള ധാരാളം പരാതികളും ഉയര്‍ന്നിരുന്നു.

NO COMMENTS

LEAVE A REPLY