തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച പ്രവേശിപ്പിക്കുന്നതിന് വീണ്ടും വിലക്ക്. ചില സംഘടനകള്‍ ഇതിനെതിരായി നടത്തിയ സമരത്തെ തുടര്‍ന്നാണ് ക്ഷേത്ര ഭരണസമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ ജഡ്ജി, എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് തല്‍ക്കാലം മരവിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇന്ന് പുലര്‍ച്ചയോടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ സ്ത്രീകളില്‍ ചുരിദാര്‍ ധരിച്ചവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചില സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തുകയും ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നട ഉപരോധിക്കുകയും ചെയ്തു. സംഘടനാ പ്രതിനിധികള്‍ ഭരണസമിതി ചെയര്‍മാനെ കണ്ടതിനെ തുടര്‍ന്നാണ് തല്‍സ്ഥിതി തുടരാന്‍ നിര്‍ദ്ദേശം നല്‍കിയത്. ചുരിദാറിട്ട് പ്രവേശിക്കുന്നത് ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇതിന് അനുവദിക്കില്ലെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. കേരള ബ്രാഹ്മണസഭ, ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജന സേവാസമിതി, ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജനസഭ എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ഭക്തസംഘടനകളുമായി ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ ഹൈക്കോടതി എക്സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. റിയാ രാജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്നാണ് ക്ഷേത്രം ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ കെ.എന്‍.സതീഷ് ഇന്നലെ ഉത്തരവിറക്കിയത്.
എന്നാല്‍, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷിന്റെ തീരുമാനത്തോട് യോജിപ്പില്ലെന്ന് ഭരണസമിതി അറിയിച്ചിരുന്നു. എക്സിക്യൂട്ടീവ് ഓഫീസറുടെ തീരുമാനത്തെ ഭരണസമിതി നേരത്തെ തന്നെ തള്ളുകയും ചെയ്തിരുന്നു.