ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച്‌ കയറാം

197

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇനി സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച്‌ കയറാം. ഇന്നു മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറാണ് ഉത്തരവിറക്കിയത്. ചുരിദാറിന് മുകളില്‍ മുണ്ട് ചുറ്റി മാത്രമെ ഇതുവരെ ക്ഷേത്രത്തിനുള്ളില്‍ കയറാന്‍ അനുവദിച്ചിരുന്നുള്ളു. ഇതിനെതിരെ റിയാ രാജി എന്നയാളാണ് കോടതിയെ സമീപിച്ചത്.
റിയയുടെ റിട്ട് ഹര്‍ജി സെപ്റ്റംബര്‍ 29ന് പരിഗണിച്ച കേരള ഹൈക്കോടതി, ഇക്കാര്യത്തില്‍ ഭക്തസംഘടനകളുമായി ആലോചിച്ച്‌ ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ എക്സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. ചുരിദാര്‍ ധരിച്ച സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാമെന്ന ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷിന്റെ തീരുമാനത്തെ സുപ്രീംകോടതി നിയമിച്ച ഭരണസമിതി നേരത്തെ തള്ളിയിരുന്നു. എന്നാല്‍ ഈ തീരുമാനം ഭരണസമിതി മാറ്റുകയായിരുന്നു. കേരള ബ്രാഹ്മണസഭ, ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജന സേവാസമിതി, ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജനസഭ എന്നീ സംഘടനകളുടെ നേതാക്കന്മാര്‍ക്കും ക്ഷേത്രം തന്ത്രിക്കും രാജകുടുംബത്തിനും ആധുനികവസ്ത്രങ്ങള്‍ ക്ഷേത്രത്തില്‍ അനുവദിക്കുന്നതിനോട് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു.
ജോലിക്ക് ഹാജരാകുമ്ബോള്‍ പോലീസുകാര്‍ക്കും അഭിഭാഷകര്‍ക്കും നിശ്ചിത വസ്ത്രമേ പാടുള്ളൂ എന്ന നിബന്ധനയുണ്ട്. പല വിദ്യാലയങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാണ്. അങ്ങനെയിരിക്കെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മാത്രം കീഴ്പ്പതിവ് അനുസരിച്ചുള്ള വസ്ത്രം പാടില്ലെന്നു വാദിക്കുന്നത് എങ്ങനെയെന്നായിരുന്നു സംഘടനാ നേതാക്കന്മാരുടെ വാദം. ചുരിദാര്‍ ഹൈന്ദവമായ വസ്ത്രം അല്ലാത്തതിനാല്‍ അത് അംഗീകരിക്കാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

NO COMMENTS

LEAVE A REPLY