തിരുവനന്തപുരം• ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭരണസമിതിയുടെ അനുവാദമില്ലാതെ എക്സിക്യൂട്ടീവ് ഓഫിസര്‍ വയര്‍ലെസ് സെറ്റുകള്‍ വാങ്ങിയ സംഭവത്തില്‍ റെയ്ഡിനെത്തിയ പൊലീസിനെ തടഞ്ഞു. 16 വയര്‍ലെസ് സെറ്റുകളാണ് വാങ്ങിയത്. സുരക്ഷാ ചുമതലയുള്ള ക്ഷേത്രജീവനക്കാര്‍ക്ക് നല്‍കാനായിരുന്നു ഇത്. ഇക്കാര്യം അറിഞ്ഞ ഭരണസമിതി സുരക്ഷാ പ്രശ്നമുന്നയിച്ച് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കി.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സിക്യൂട്ടീവ് ഓഫിസറുടെ മുറിയില്‍ റെയ്ഡ് നടത്താന്‍ പൊലീസ് എത്തിയത്. എന്നാല്‍ പൂട്ടിക്കിടക്കുന്ന എക്സിക്യൂട്ടീവ് ഓഫിസറുടെ മുറി തുറക്കാന്‍ പൊലീസിനെ അനുവദിച്ചില്ല. ഇതേത്തുടര്‍ന്നു റെയ്ഡ് തടസ്സപ്പെട്ടു.മുറി തുറക്കണമെന്ന നിലപാടിലാണ് പൊലീസ്.
അതേസമയം, വയര്‍ലെസ് സെറ്റ് എങ്ങനെ ഉപയോഗിക്കാമെന്നു പഠിക്കാനാണ് ഇവ വാങ്ങിയതെന്ന് എക്സിക്യൂട്ടീവ് ഓഫിസറുടെ ഓഫിസ് അറിയിച്ചു. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകള്‍ പോലും ഉപയോഗിക്കുന്നു. പിന്നെ ഞങ്ങള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.