കേരളത്തിന് നന്ദി പറഞ്ഞ് ശ്രീലങ്കന്‍ പ്രധാനമന്ത്രി കാസര്‍കോട് നിന്ന് മടങ്ങി.

106

കാസര്‍കോട് : കേരളത്തിന് നന്ദി പറഞ്ഞ് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ സ്വകാര്യസന്ദര്‍ശനത്തിന് ശേഷം കാസര്‍കോട് നിന്ന് മടങ്ങി. കൊല്ലൂര്‍ മൂകാംബികാ ദേവിക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം കാസര്‍കോട് 26ന് വൈകിട്ട് നാലുമണിയോടെയാണ് എത്തിയത്. ബേക്കലിലെ താജ് ഹോട്ടലില്‍ തങ്ങിയ അദ്ദേഹവും ഭാര്യയും ഇന്നലെ(27) രാവിലെ 8.45 ഓടെ ബേള കുമാരമംഗലം ശ്രീസുബ്രഹ്മണ്യ ക്ഷേത്രം സന്ദര്‍ശിച്ചു. അവിടെ ഒരു മണിക്കൂറോളം ചിലവഴിച്ച ശേഷം റോഡ് മാര്‍ഗം ബേക്കലിലെത്തി രാവിലെ 11.20 ന് ഹെലികോപ്ടര്‍ മാര്‍ഗം മംഗലാപുരത്തേക്ക് തിരിച്ചു.

ബേക്കല്‍ ലളിത് റിസോര്‍ട്ട് ഹെലിപാഡില്‍ നിന്നു ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ഔദ്യോഗികമായാണ് യാത്രയാക്കിയത്. തനിക്ക് നല്‍കിയ സ്വീകരണത്തിനും സുരക്ഷയ്ക്കും നന്ദി പറഞ്ഞാണ് പ്രധാനമന്ത്രി ഹെലികോപ്ടറിലേക്ക് കയറിയത്.

ചെൈന്നയിലെ ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ വിശ്വനാഥ് അപോന്‍സു, കാസര്‍കോട് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, എഎസ്പി:ഡി.ശില്പ തുടങ്ങിയവരും ശ്രീലങ്കന്‍ പ്രധാനമന്ത്രിയെ യാത്രയാക്കുവാന്‍ എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മൂന്നു ദിവസമായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷയും ജില്ലയില്‍ ഒരുക്കിയിരുന്നു.

NO COMMENTS