തിരുവനന്തപുരം: റോഡപകടങ്ങള്‍ മൂലം വര്‍ദ്ധിച്ചുവരുന്ന മരണങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ശ്രീ സത്യ സായി സേവാ ഓര്‍ഗനൈസേഷന്‍ (എസ്എസ്എസ്എസ്ഒ) കേരളത്തില്‍ മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ് പദ്ധതിക്ക് തുടക്കമിട്ടു.
പദ്ധതി ഇന്ത്യയിലെ ഹൈവേകളിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് സായി-എയ്ഡ്-ഓണ്‍-വീല്‍സ് എന്ന പേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് എസ്എസ്എസ്എസ്ഒ അഖിലേന്ത്യാ പ്രസിഡന്റ് നിമേഷ് പാണ്ഡ്യ പറഞ്ഞു.
തുടക്കത്തില്‍ കേരളത്തില്‍ ഹൈവേകള്‍ക്കുസമീപം 50 മോട്ടോര്‍സൈക്കിളുകളായിരിക്കും ഉണ്ടായിരിക്കുക. ഇവ തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയാണ് സര്‍വീസ് നടത്തുക. രണ്ടു മാസത്തിനുള്ളില്‍ ഇത് കേരളം മുഴുവന്‍ വ്യാപിപ്പിക്കും. എസ്എസ്എസ്എസ്ഒ-യുടെ യുവ വോളണ്ടിയര്‍മാരായിരിക്കും ഇവ ഓടിക്കുന്നത്. വിദേശത്ത് ബൈക്ക് ആംബുലന്‍സുകള്‍ സമൂഹത്തില്‍ ശക്തമായ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അറിയിപ്പു കിട്ടിയാലുടന്‍ ഏറ്റവും കുറഞ്ഞത് പത്തു മിനിറ്റിനുള്ളില്‍ അപകടസ്ഥലത്ത് എത്തുന്ന ബൈക്ക് ആംബുലന്‍സ് അപകടത്തില്‍ പെടുന്നവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി യഥാര്‍ഥ ആംബുലന്‍സ് എത്തുന്നതുവരെ പരിചരണം ലഭ്യമാക്കുമെന്ന് എസ്എസ്എസ്എസ്ഒ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.ഇ.മുകുന്ദന്‍ അറിയിച്ചു.
സത്യ സായി വിദ്യാ ജ്യോതി പദ്ധതിയനുസരിച്ച് ഇന്ത്യയിലെ 900 സ്‌കൂളുകള്‍ ദത്തെടുക്കുമെന്ന് പാണ്ഡ്യ വ്യക്തമാക്കി. 672 സ്‌കൂളുകളെ ഇതിനോടകം പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. ബാക്കിയുള്ളവയെ രണ്ടു മാസത്തിനകം പദ്ധതിയില്‍ പെടുത്തും.
സത്യസായി ഗ്രാമീണ സംയോജിത പദ്ധതി പ്രകാരം രാജ്യത്തെ ആയിരം ഗ്രാമങ്ങളെ അഞ്ചു വര്‍ഷം കൊണ്ട് ദത്തെടുക്കും. ഈ ഗ്രാമങ്ങളിലുള്ളവര്‍ക്ക് ആരോഗ്യം, ജലവിതരണം, വയോജന പരിരക്ഷ, വിദ്യാഭ്യാസം, ശുചിത്വം, ദുരന്തനിവാരണം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ എല്ലാ വോളണ്ടിയര്‍മാരും ത്യാഗമനോഭാവമുള്ളവരായതുകൊണ്ടും സേവന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരുമായതുകൊണ്ട് നോട്ടുപിന്‍വലിക്കല്‍ പോലെയുള്ള നടപടികള്‍ എസ്എസ്എസ്എസ്ഒ-യെ ബാധിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ അരുവിക്കരെ പഞ്ചായത്തിലുള്ള മൂഴിനട ഗ്രാമത്തില്‍ 15 വിദ്യാര്‍ഥികളെ തങ്ങള്‍ ദത്തെടുത്തിട്ടുണ്ടെന്നും കുട്ടികള്‍ക്ക് സമ്പൂര്‍ണ വിദ്യാഭ്യാസവും കുടുംബാംഗങ്ങള്‍ക്കടക്കം കൃത്യമായി ഭക്ഷണപ്പൊതികളും നല്‍കുന്നുണ്ടെന്ന് പ്രൊഫ.മുകുന്ദന്‍ അറിയിച്ചു.