എം.കെ. സ്റ്റാലിന്‍ അറസ്റ്റില്‍

237

ചെന്നൈ∙ തമിഴ്നാട് നിയമസഭയിൽ നടന്ന പ്രതിഷേധത്തിനിടെ മർദനമേറ്റെന്ന് ആരോപിച്ച് നിരാഹാര സമരം തുടങ്ങിയ പ്രതിപക്ഷ നേതാവും ഡിഎംകെ വർക്കിങ് പ്രസിഡന്റുമായ എം.കെ. സ്റ്റാലിൻ അറസ്റ്റിൽ. അദ്ദേഹത്തിനൊപ്പം നിരാഹാരമിരുന്ന ഡിഎംകെ എംഎൽഎമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈ മറീന ബീച്ചിലെ ഗാന്ധി സ്മാരകത്തിനുമുന്നിലായിരുന്നു സമരം. മറീനയിൽ സമരത്തിന് അനുമതി നൽകാനാവില്ലെന്നു പറഞ്ഞാണ് പൊലീസ് നടപടി. സഭയിൽ നടന്നതു വിശദീകരിക്കാൻ സ്റ്റാലിനും സംഘവും രാജ്ഭവനിലെത്തി ഗവർണറെ കാണുകയും പരാതി നൽകുകയും ചെയ്തതിനു പിന്നാലെയാണ് മറീനയിൽ സമരം ആരംഭിച്ചത്. വിശ്വാസവോട്ടെടുപ്പിനിടെ നിയമസഭയില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കര്‍ ധനപാലന്‍ സഭയില്‍ നിന്ന് പുറത്താക്കിയത്. ഡിഎംകെ എംഎല്‍എമാര്‍ തന്നെ അപമാനിച്ചെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. ചില ഡിഎംകെ എംഎല്‍എമാര്‍ സ്പീക്കറുടെ മേശ തകര്‍ക്കുകയും ഗവര്‍ണറുടെ കസേരയില്‍ ഇരിക്കുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് ശേഷവും ബഹളം തുടര്‍ന്നതോടെ പ്രതിപക്ഷാംഗങ്ങളെ പുറത്താക്കിയതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ പുറത്തുപോകാന്‍ വിസമ്മതിച്ച സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള അംഗങ്ങളെ ബലം പ്രയോഗിച്ച് നിയമസഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY