കൊച്ചി: രാജ്യത്ത് കോളജ് വിദ്യാര്‍ഥികളില്‍ സംരംഭക സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്ന കൊച്ചി സ്റ്റാര്‍ട്ടപ് വില്ലേജിന്റെ ചെയര്‍മാന്‍ സഞ്ജയ് വിജയകുമാറിനെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുതിയ സ്റ്റാര്‍ട്ടപ്-ഐടി നയങ്ങളുടെ ഉപദേഷ്ടാവും മാര്‍ഗനിര്‍ദേശകനുമായി നിയമിച്ചു. വിദ്യാര്‍ഥിസംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സ്റ്റാര്‍ട്ടപ് വില്ലേജിന്റെ
#StartInCollege പദ്ധതി നടപ്പിലാക്കാന്‍ സ്റ്റാര്‍ട്ടപ് വില്ലേജ് യുപി സര്‍ക്കാരുമായി ധാരണാപത്രവും ഒപ്പുവച്ചു. ഇതു പ്രകാരം കാണ്‍പൂര്‍ ഐഐടി, ലക്‌നൗ ഐഐഎം തുടങ്ങി യുപിയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് സഞ്ജയ് വിജയകുമാര്‍ മേല്‍നോട്ടംവഹിക്കും.
ആന്ധ്രപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും സ്റ്റാര്‍ട്ടപ് നയങ്ങളുടെ ഉപദേഷ്ടാവായ സഞ്ജയിനെ, സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ പരിസ്ഥിതി സൃഷ്ടിച്ച്, സംരംഭകത്വം പ്രോല്‍സാഹിപ്പിക്കാനും പുതിയ ആശയങ്ങള്‍ വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതിയ പദവിയില്‍ നിയമിച്ചത്. ഉത്തര്‍പ്രദേശിലാകെ സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുള്ള സംസ്ഥാന തല ഉപദേശകസമിതിയിലും സഞ്ജയിനെ അംഗമാക്കി. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവുമായി സഞ്ജയ് വിജയകുമാര്‍ കൂടിക്കാഴ്ച നടത്തി. സ്റ്റാര്‍ട്ട് അപ് വില്ലേജിന്റെ സംരംഭക പ്രോത്സാഹന പ്രവര്‍ത്തനങ്ങളില്‍ യുപി മുഖ്യമന്ത്രി അതീവ താല്‍പര്യം പ്രകടിപ്പിച്ചതായി സഞ്ജയ് പറഞ്ഞു.
വിദ്യാര്‍ഥികളില്‍ സംരംഭക സംസ്‌കാരം പരിപോഷിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന ബൃഹത് പദ്ധതിയായ
#StartInCollege , രാജ്യവ്യാപകമായി എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ ബിസിനസ് ആശയങ്ങള്‍ വികസിപ്പിക്കാനും പ്രാരംഭമാതൃകകള്‍ സൃഷ്ടിക്കാനും ആറുമാസത്തിനുള്ളില്‍ അവ ഉപഭോക്താക്കളിലെത്തിക്കാനും മാര്‍ഗനിര്‍ദേശം നല്‍കുന്നു. പദ്ധതിയുടെ അവസാന ആഴ്ചയില്‍ അംഗങ്ങള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള സ്റ്റാര്‍ട്ടപ് മാതൃകകള്‍ പരിചയപ്പെടുന്നതിനായി അമേരിക്കയിലെ സിലിക്കണ്‍ വാലി സന്ദര്‍ശനവുമുണ്ട്. ഫെയ്‌സ്ബുക്ക്, പെയ്ടിഎം പോലുള്ള കമ്പനികളുടെ ഡവലപ്പര്‍ സംഘങ്ങളുമായി ആശയവിനിമയത്തിനും അവസരം നല്‍കുന്നു.
സ്റ്റാര്‍ട്ടപ്, ഇന്‍കുബേറ്റര്‍ സംരംഭങ്ങള്‍ക്ക് ഐടി അടിസ്ഥാന സൗകര്യമേര്‍പ്പെടുത്തുന്നതിനും തുടക്കത്തിലുള്ള സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി നികുതിയളവ്, മൂലധന സഹായം ഉള്‍പ്പെടെ ഉദാരമായ പിന്തുണ നല്‍കുന്ന യുപി സര്‍ക്കാര്‍. സ്റ്റാര്‍ട്ടപ്പുകളുടെ പ്രാരംഭ ഘട്ടത്തിലും സാമ്പത്തികസഹായം നല്‍കുന്നു.
രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍, 20 കോടി പേര്‍ നിക്ഷേപ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്ന സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പുകള്‍ നിലവില്‍വരുന്നതോടെ സ്വന്തം ഫെയ്‌സ്ബുക്കും ഗൂഗിളും രൂപപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് വലിയകുതിപ്പാണുണ്ടാവുകയെന്ന് സഞ്ജയ് പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച എന്‍ജിനീയറിങ് കോളജുകളും മാനേജ്‌മെന്റ് പഠനസ്ഥാപനങ്ങളുമുള്ള സംസ്ഥാനത്ത് സംരംഭങ്ങള്‍ തുടങ്ങാന്‍ സംസ്ഥാനത്തിന്റെ പരിപൂര്‍ണ പിന്തുണയാണ് ഉറപ്പുനല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി തന്നെ സംരംഭകത്വത്തിന്റെ പ്രചാരകനായി മാറുമ്പോള്‍ സ്റ്റാര്‍ട്ടപ് സംസ്‌കാരം അതിവേഗം വ്യാപകമാവുകയും നൂതനാശയങ്ങള്‍ പ്രോല്‍സാഹിപ്പിക്കപ്പെടുകയും ചെയ്യുമെന്നും സഞ്ജയ് പറഞ്ഞു.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രഥമപാഠങ്ങള്‍ പകരുക, മേല്‍നോട്ടം വഹിക്കുക, മാര്‍ഗനിര്‍ദേശം നല്‍കുക തുടങ്ങിയ കാര്യങ്ങളിലൂടെ ഉപദേഷ്ടാവ് എന്ന നിലയിലുള്ള സഞ്ജയിന്റെ സേവനം സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്, സംരംഭകത്വ ശീലങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് യുപി ഇലക്‌ട്രോണിക് കോര്‍പറേഷന്‍ എംഡി അജയ്ദീപ് സിങ് പ്രത്യാശ പ്രകടിപ്പിച്ചു. കാണ്‍പൂര്‍ ഐഐടി, ലക്‌നൗ ഐഐഎം, ബനാറസ് ഹിന്ദു സര്‍വകലാശാല ഐഐടി, കമല നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ടെക്‌നോളജി, ഐടി ഉപ്‌വന്‍ എന്നിവിടങ്ങളിലെ ഇന്‍കുബേറ്റര്‍ സംരംഭങ്ങളുമായി ബന്ധപ്പെട്ടും സഞ്ജയ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്നും സിങ് വ്യക്തമാക്കി.
സ്റ്റാര്‍ട്ടപ് വില്ലേജുകളുടെ രണ്ടാംഘട്ടമെന്ന നിലയില്‍ സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഇന്‍കുബേറ്റര്‍ സേവനം നല്‍കുന്ന സംവിധാനമായി കഴിഞ്ഞ ജൂലൈയില്‍ എസ്‌വി.കോ തുടങ്ങിയിരുന്നു. രാജ്യത്തെ 3500 എന്‍ജിനീയറിങ് കോളജുകളിലെ അന്‍പതു ലക്ഷത്തോളം കുട്ടികളില്‍ സ്റ്റാര്‍ട്ടപ് രംഗത്ത് ഓണ്‍ലൈന്‍ സേവനം നല്‍കുകയാണ് എസ്‌വി. കോയുടെ ലക്ഷ്യം.