സിലിക്കണ്‍ വാലി പരിശീലനം: എസ്‌വി. കോയുടെ ആദ്യബാച്ച് തയാര്‍

220

കൊച്ചി: ലോകത്തെ ആദ്യ ഓണ്‍ലൈന്‍ സ്റ്റുഡന്റ് ഇന്‍കുബേറ്ററും കൊച്ചി സ്റ്റാര്‍ട്ടപ് വില്ലേജിന്റെ ഡിജിറ്റല്‍ പതിപ്പുമായ എസ്‌വി.കോ, സിലിക്കണ്‍ വാലിയിലെ ആറുമാസ പരിശീലന പരിപാടിക്കായി 32 ടീമുകള്‍ ഉള്‍പ്പെടുന്ന ആദ്യബാച്ചിനെ തെരഞ്ഞെടുത്തു. നാലുമാസമായി നടന്നു വരുന്ന പ്രവേശന പ്രക്രിയയില്‍ 24 സംസ്ഥാനങ്ങളിലെ 226 സര്‍വകലാശാലകളില്‍നിന്നുള്ള പതിനായിരത്തിലേറെ വിദ്യാര്‍ഥികളാണ് 2326 ടീമുകളിലായി പങ്കെടുത്തത്. 22 ടീമുകള്‍ യോഗ്യത നേടിയപ്പോള്‍ കേരളമാണ് ടീമുകളുടെ എണ്ണത്തില്‍ മുന്നില്‍.

32 ടീമുകളും ആറുമാസത്തെ ഓണ്‍ലൈന്‍ കോഴ്‌സ് പൂര്‍ത്തിയാക്കുകയും പുതിയ ഒരു ആശയം തിരഞ്ഞെടുത്ത് പ്രവര്‍ത്തനരൂപം നല്‍കുകയും ചെയ്യും. പ്രഥമമാതൃക രൂപപ്പെടുത്തിയ ശേഷം അന്തിമരൂപം സിലിക്കണ്‍ വാലിയിലെ ഫേസ് ബുക്ക് ആസ്ഥാനത്ത് അവതരിപ്പിക്കും. ആകെ അപേക്ഷകളുടെ ഒരു ശതമാനം മാത്രമാണ് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്‍പ്പെട്ടത്. ആന്ധ്രപേദേശ്, തമിഴ്‌നാട്, രാജസ്ഥാന്‍, കര്‍ണാടക, ഡല്‍ഹി എന്നിയാണു ടീമുകളുടെ എണ്ണത്തില്‍ കേരളത്തിനു തൊട്ടുപിന്നില്‍. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞ വര്‍ഷം ജൂണിലാണ് സ്റ്റാര്‍ട്ടപ് വില്ലേജ്, ഡിജിറ്റല്‍ പതിപ്പിനു തുടക്കമിട്ടത്.

ആഗോളതലത്തില്‍ നമ്മുടെ യുവാക്കളുടെ മികവു തെളിയിക്കാനുള്ള രാജ്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണമാണു മുന്നിലെന്ന് സ്റ്റാര്‍ട്ടപ് വില്ലേജ് ചെയര്‍മാന്‍ ശ്രീ. സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. ലോകോത്തര എന്‍ജിനീയര്‍മാരാകാന്‍ ലക്ഷ്യമിടുന്ന 135 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന ഈ പരീക്ഷണം വിജയമായാല്‍ സംരംഭകത്വത്തോടുള്ള യുവാക്കളുടെ സമീപനത്തില്‍ വരുന്ന വന്‍മാറ്റം കോളജ് ക്യാംപസുകളില്‍ ദൃശ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വലിയ മാറ്റങ്ങളാണു നിങ്ങളെ കാത്തിരിക്കുന്നതെന്ന് ഫ്രഷ് ഡസ്‌ക് എന്ന പ്രമുഖ സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകരിലൊരാളായ ഗിരീഷ് മാതൃഭൂതം പറഞ്ഞു. ഒരിക്കല്‍ സ്റ്റാര്‍ട്ടപ് തുടങ്ങാന്‍ ലക്ഷ്യമിട്ടു കഴിഞ്ഞാല്‍ ശരാശരി പ്രകടനം നടത്തി തൃപ്തരാകരുത്. ഉന്നതമായ പ്രവര്‍ത്തനശൈലി രൂപപ്പെടുത്തണം. ചെറിയൊരു ആശയത്തില്‍നിന്നാണു ഫ്രഷ് ഡസ്‌കിനു തുടക്കമിട്ടത്. ഇന്ന് സിലിക്കണ്‍ വാലിയിലെ വന്‍കിട കമ്പനികളുമായി മല്‍സരിക്കാല്‍ കെല്‍പ്പുള്ള, ആഗോള വിപണിയിലെ സാന്നിധ്യമായി ഫ്രഷ് ഡസ്‌ക് മാറിയെന്നും ഗിരീഷ് പറഞ്ഞു.

കേരളം, തമിഴ്‌നാട്, ആന്ധ്ര, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇടത്തരം പട്ടണങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു പോലും ലോകോത്തര നിലവാരത്തിലുള്ള പഠനത്തിനും സ്റ്റാര്‍ട്ടപ് സംരംഭകരുമായുള്ള സംവാദത്തിനും അവസരം കൈവരുന്നത് സന്തോഷകരമാണെന്ന് എസ്‌വി.കോ പ്രവേശന വകുപ്പിന്റെ മേധാവി സിദ്ധാര്‍ഥ് റാം വ്യക്തമാക്കി. ഗിന്നസ് ബുക്ക് റെക്കോര്‍ഡ് ജേതാക്കള്‍ മുതല്‍ ഡവലപ്പര്‍മാര്‍ വരെയുള്ളതാണ് ആദ്യബാച്ചെന്നും സിദ്ധാര്‍ഥ് പറഞ്ഞു.

കലാലയ പഠനത്തിനിടെ തന്നെ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്ന അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ ദേശീയ സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ് നയം വിദ്യാര്‍ഥി സംരംഭങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ്. അവസാന വര്‍ഷ പ്രോജക്ടായി ക്യാംപസ് സ്റ്റാര്‍ട്ടപ്പുകള്‍ക്കു രൂപം കൊടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഗുജറാത്ത് സാങ്കേതിക സര്‍വകലാശാല, കേരള സാങ്കേതിക സര്‍വകലാശാല എന്നിവ സംരംഭകത്വ പരിശീലനവും നല്‍കിത്തുടങ്ങിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY