സംസ്ഥാന സഹകരണ ബാങ്കിന് സർവകാല ചരിത്രനേട്ടം – സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ

138

104 വർഷത്തെ പ്രവർത്തന കാലയളവിൽ സംസ്ഥാന സഹകരണബാങ്കിന് ചരിത്രനേട്ടം. ബാങ്കിന്റെ ബിസിനസ് ടേൺഓവർ 15,432 കോടി രൂപയിലെത്തിയതായി സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 281.91 കോടി രൂപ പ്രവർത്തന ലാഭം നേടാനായി. ഇത് സർവകാല റെക്കാർഡാണ്. 2001-06 കാലത്തെ ബാങ്ക് ഭരണസമിതി അനുവദിച്ച ക്രമരഹിതവും അഴിമതി നിറഞ്ഞതുമായ വായ്പകളെ തുടർന്ന് അറ്റനഷ്ടത്തിലായ ബാങ്ക് സമ്പൂർണ്ണമായും സഞ്ചിതനഷ്ടം നികത്തി അറ്റലാഭം നേടുന്നത് ഇപ്പോഴാണ്.

ബാങ്കിന്റെ അറ്റലാഭം 72.39 കോടി രൂപയാണ്. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി (ഗ്രോസ് എൻ.പി.എ) 3.16 ശതമാനമായി കുറഞ്ഞു. അറ്റനിഷ്‌ക്രിയ ആസ്തി (നെറ്റ് എൻ.പി.എ) വെറും 1.43 ശതമാനമാണ്. നിരവധി ഷെഡ്യൂൾഡ് നാഷണലൈസ്ഡ് വാണിജ്യബാങ്കുകൾ അറ്റനഷ്ടത്തിലേക്കും ക്രമാതീതമായ നിഷ്‌ക്രിയ ആസ്തിയിലേക്കും വഴി മാറുമ്പോഴാണ് സംസ്ഥാന സഹകരണബാങ്കിന് ഈ നേട്ടം കൈവരിക്കാനായത്. സഞ്ചിതനഷ്ടം സമ്പൂർണ്ണമായും നികത്താനായതിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന ലാഭക്ഷമതയും മൂലധന പര്യാപ്തതയുമുള്ള സംസ്ഥാന സഹകരണ ബാങ്കായി കേരള സംസ്ഥാന സഹകരണബാങ്ക് മാറി.

2018-19 സാമ്പത്തിക വർഷം രാജ്യത്തെ സംസ്ഥാന സഹകരണബാങ്കുകളുടെ ശരാശരി ലാഭം 31 കോടി രൂപ മാത്രമാണ്. റിസർവ്ബാങ്ക് മാനദണ്ഡമനുസരിച്ച് ഒൻപത് ശതമാനം മൂലധനപര്യാപ്തതയാണ് സംസ്ഥാന സഹകരണബാങ്കിന് വേണ്ടതെങ്കിൽ നിലവിൽ സംസ്ഥാന സഹകരണബാങ്കിന്റെ മൂലധനപര്യാപ്തത 22.54 ശതമാനമാണ്.

കഴിഞ്ഞ മൂന്നു വർഷം കൊണ്ട് നിക്ഷേപം 8945 കോടി ആയി. 2016 ൽ ഇത് 6112 കോടി ആയിരുന്നു. 2016 ൽ 3412 കോടി രൂപ വായ്പ നൽകിയ സ്ഥാനത്ത് ഇപ്പോൾ 6487 കോടി രൂപ നൽകി. എല്ലാവിധ ആധുനിക ബാങ്കിംഗ് സേവനങ്ങളും നടപ്പാക്കിയതായും മന്ത്രി പറഞ്ഞു. സഹകരണ ബാങ്ക് എം.ഡി. റാണി ജോർജ്, സഹകരണ സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ എസ്. ഷാനവാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

NO COMMENTS