കേരള എൻജിനീയറിങ്ങ് ,ആർക്കിടെക്ചർ, ഫാർമസി പ്രവേശനപ്പരീക്ഷാ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി.ജലീലാണ് റാങ്ക്‌ലിസ്റ്റ് പ്രകാശനം ചെയ്തത്. എൻജിനീയറിങ്ങ് പ്രവേശനപരീക്ഷ എഴുതിയ 73,437 വിദ്യാർഥികളിൽ 51,667 പേർ റാങ്ക്‌ലിസ്റ്റിൽ ഇടം പിടിക്കാനുള്ള യോഗ്യത നേടി. 45,997 പേർ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടു. ഇടുക്കി ആനക്കര ശങ്കരമംഗലം വിഷ്ണു വിനോദ് ആദ്യറാങ്ക് നേടി. സ്‌കോർ 584.9173. കോട്ടയം കുമാരനല്ലൂർ കൊച്ചാലുമ്മൂട് കൃഷ്ണയിൽ ഗൗതം ഗോവിന്ദ്.എ രണ്ടാംറാങ്ക് നേടി. സ്‌കോർ 571.5238. ആദ്യരണ്ട് റാങ്കുകാരും സംസ്ഥാന സിലബസിൽ ഹയർസെക്കൻഡറി പഠിച്ചവരാണ്. മൂന്നാംറാങ്ക് കോട്ടയം വടവാതൂർ സ്വദേശി ആഖ്വിബ് നവാസിനാണ്.
ജവഹർ നവോദയ വിദ്യാലയവിദാർഥിയാണ്. സ്‌കോർ 569.0113. നാലാം റാങ്ക്-സഞ്ജയ് സുകുമാരൻ, കാസർകോട്, അഞ്ചാം റാങ്ക്- മെവിറ്റ് മാത്യു, ആലപ്പുഴ, ആറാം റാങ്ക്- ആൽഫിൻ ഡേവിസ് പോമി, എറണാകുളം, റാങ്ക് ഏഴ്-നിരഞ്ജൻ ജെ.നായർ, കോഴിക്കോട്, എട്ടാം റാങ്ക്-സൗരവ് സുകുമാരൻ, കാസർകോട്, ഒൻപതാം റാങ്ക്-സത്ധ്രുതി പോൾ, തിരുവനന്തപുരം, പത്താംറാങ്ക് -അനിരുദ്ധ കുൽക്കർണി, കോട്ടയം. എൻജിനീയറിങ്ങ് വിഭാഗത്തിൽ നാലും എട്ടും റാങ്കുകൾ നേടിയവർ ഇരട്ടസഹോദരങ്ങളാണെന്ന പ്രത്യേകതയുണ്ട്.
പട്ടികജാതി വിഭാഗത്തിൽ ആദ്യറാങ്ക് നേടിയത് കൊല്ലം സ്വദേശി അദ്വൈത് കൃഷ്ണ. ആർ ആണ്. (സ്‌കോർ 502.3934), രണ്ടാം റാങ്ക് കോട്ടയം സ്വദേശി മിഥുൻ വി.ജയ് (സ്‌കോർ 493.6178) നേടി. പട്ടികവർഗ വിഭാഗത്തിൽ സുകന്യ എൽ ആദ്യറാങ്ക് നേടി.
എൻജിനീയറിങ്ങ് റാങ്ക് ലിസ്റ്റിൽ ആദ്യ നൂറിൽ ഇടം നേടിയവരിൽ 66 പേരും ആദ്യമായി പരീക്ഷ എഴുതിയവരാണ്. രണ്ടാം പ്രാവശ്യം എഴുതിയവരാണ് ബാക്കി 34 പേർ. ആദ്യനൂറിൽ 11 പേർ പെൺകുട്ടികളും 89 പേർ ആൺകുട്ടികളുമാണ്. റാങ്ക് ലിസ്റ്റിലെ ആദ്യ 5000 പേരിൽ 2341 പേർ സംസ്ഥാന ഹയർ സെക്കൻഡറിയിൽ നിന്നുള്ളവരാണ്. സിബിഎസ് ഇ-2464, ഐസിഎസ്ഇ-164, മറ്റുള്ളവ-31 എന്നിങ്ങനെയാണ് ബാക്കി വിഭാഗങ്ങളിൽ നിന്നുള്ള കണക്ക്. എൻജിനീയറിങ്ങ് പ്രവേശനപ്പരീക്ഷയിൽ ആദ്യ നൂറ് റാങ്ക് ജേതാക്കളിൽ മുന്നിൽ കോഴിക്കോട് ജില്ലയിൽനിന്നുള്ളവരാണ്.
18 പേർ. എറണാകുളം, കോട്ടയം ജില്ലക്കാർ 15 പേർ വീതം ഇടം പിടിച്ചിട്ടുണ്ട്. ആദ്യ നൂറ് റാങ്കുകാരിൽ എറണാകുളം ജില്ലക്കാരാണ് കൂടുതൽ-179 പേർ. കോഴിക്കോട്-118, കോട്ടയം-104 എന്നിങ്ങനെയാണ് തൊട്ടുപിറകിലുള്ള ജില്ലകളുടെ പ്രാതിനിധ്യം.ആർക്കിടെക്ചറിൽ തൃശ്ശൂർ സ്വദേശി ആലീസ് മരിയ ചുങ്കത്ത് ആദ്യറാങ്ക് നേടി. (സ്‌കോർ 368.8333). അൻഷ മാത്യു, കണ്ണൂർ, രണ്ടാം റാങ്കും ഗൗരവ് ആർ.ചന്ദ്രൻ, വഡോദര, ഗുജറാത്ത് , മൂന്നാം റാങ്കും പ്രവീൺ കെ.പി, മലപ്പുറം, നാലാം റാങ്കും നേടി.
ആർക്കിടെക്ചറിൽ 3825 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ആർക്കിടെക്ചർ ദേശീയ അഭിരുചി നിർണയ പരീക്ഷയുടെയും യോഗ്യതാപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്. റാങ്ക് ലിസ്റ്റിലെ ആദ്യ നൂറ് റാങ്ക് ജേതാക്കളിൽ 66 പേർ പെൺകുട്ടികളും 34 പേർ ആൺകുട്ടികളുമാണ്.
ഫാർമസി വിഭാഗത്തിൽ കൊല്ലം സ്വദേശി നവീൻ വിൻസന്റ് ഒന്നാം റാങ്ക് നേടി. മലപ്പുറം സ്വദേശി നിധ നിസ്മ എം.കെ രണ്ടാം റാങ്കും മലപ്പുറം സ്വദേശി രോഹിത് കെ മൂന്നാം റാങ്കും മലപ്പുറം സ്വദേശി മൊഹമ്മദ് ഇർഷാദ് നാലാം റാങ്കും നേടി.
ഫാർമസിയിൽ 56,318 പേർ പരീക്ഷ എഴുതിയതിൽ 39,912 പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ടാഴ്ചയോളം നേരത്തെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത് നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എൻജിനീയറിങ്ങ് വിദ്യാഭ്യാസം ഈ അധ്യയനവർഷം മുതൽ ഉടച്ചുവാർക്കുകയാണെന്നും മന്ത്രി പറഞ്ഞു. എ.ഐ.സി.ടിയുടെ മാതൃകാകരിക്കുലത്തെ അടിസ്ഥാനമാക്കിയാണ് എ.പി.ജെ.അബ്ദുൽകലാം ശാസ്ത്രസാങ്കേതികസർവകലാശാല സിലബസ് പരീക്ഷണം നടത്തുന്നത്. പ്രവേശനപരീക്ഷാ കമ്മിഷണർ എ. ഗീതയും മറ്റ് ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.