സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 27ന് സമ്മാനിക്കും.

119

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെയും ജെ.സി.ഡാനിയേൽ പുരസ്‌കാരത്തിന്റെയും സമർപ്പണം ജൂലൈ 27 വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിക്കും. സാസ്‌കാരിക മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കും.

മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, അഡ്വ. വി.എസ്.സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, എം.പി. മാർ, എം.എൽ.എ.മാർ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് മന്ത്രി എ.കെ. ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ മാനിച്ച് മുതിർന്ന ചലച്ചിത്ര പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. ആദ്യകാല നിർമാതാവ് ആർ.എസ്. പ്രഭു, നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ടി.ആർ. ഓമന, നടിയും ഗായികയുമായ സി.എസ് രാധാദേവി, പ്രേംനസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം, നടൻ ജി.കെ. പിള്ള, നീലക്കുയിലിൽ ബാലതാരമായി വേഷമിട്ട വിപിൻമോഹൻ, നടൻ ജഗതി ശ്രീകുമാർ, ക്യാമറാമാൻ ടി.എൻ. കൃഷ്ണൻകുട്ടി നായർ, നടിയും പിന്നണിഗായികയുമായ ലതാ രാജു, നിശ്ചല ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ, നടി ശ്രീലത നമ്പൂതിരി, സംഘടന സംവിധായകൻ ത്യാഗരാജൻ, സംവിധായകരായ കെ. രഘുനാഥ്, സ്റ്റാൻലി ജോസ് എന്നിവരെയാണ് ചടങ്ങിൽ ആദരിക്കുന്നത്.

2019 ലെ അവാർഡ് ഗോൾഡൻ ജൂബിലി അവാർഡായി നൽകുമെന്ന് മന്ത്രി പറഞ്ഞു. അവാർഡ് വിതരണച്ചടങ്ങിനു ശേഷം കഴിഞ്ഞ ദശകത്തിലെ സംസ്ഥാന അവാർഡ് നേടിയ ഗാനങ്ങൾ കോർത്തിണക്കി സംഗീത സംവിധായകൻ ബിജിബാൽ നയിക്കുന്ന നവവസന്തം എന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. വിജയ് യേശുദാസ്, സുദീപ് കുമാർ, ജി. ശ്രീരാം, രാജലക്ഷ്മി, സിതാര കൃഷ്ണ കുമാർ, വൈക്കം വിജയലക്ഷ്മി, മധുശ്രീ നാരായണൻ, ഹരിശങ്കർ, സംഗീത ശ്രീകാന്ത്, സൗമ്യ രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും.

അവാർഡ് വിതരണച്ചടങ്ങിലേക്കുള്ള പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. പാസുകൾ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്‌സ് കെട്ടിടത്തിലുള്ള ചലച്ചിത്ര അക്കാദമിയുടെ സിറ്റി ഓഫീസിൽ ലഭിക്കും.

NO COMMENTS