സംസ്ഥാന കായകൽപ്പ് അവാർഡ് പ്രഖ്യാപിച്ചു

6

കഴിഞ്ഞ വർഷത്തെ സംസ്ഥാന കായകൽപ്പ് അവാർഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സർക്കാർ ആവിഷ്‌കരിച്ച അവാർഡാണ് കായകൽപ്പ്. ജില്ലാതല ആശുപത്രികളിൽ 92.75 ശതമാനം സ്‌കോർ നേടി കൊല്ലം ജില്ലാ ആശുപത്രിയും, എറണാകുളം ജനറൽ ആശുപത്രിയും ഒന്നാം സ്ഥാനം പങ്കിട്ടു. 50 ലക്ഷം രൂപയാണ് അവാർഡ്. ജില്ലാ തലത്തിൽ 89.24 ശതമാനം സ്‌കോറോടെ രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപയുടെ അവാർഡ് തൃശൂർ ജനറൽ ആശുപത്രി നേടി. ജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ സ്‌കോർ നേടിയ ആറ് ആശുപത്രികൾ മൂന്നു ലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡുകളും നേടി.

സബ് ജില്ലാ തലത്തിൽ കൊല്ലം പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി (91.06 ശതമാനം) ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയുടെ അവാർഡ് കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 10 ലക്ഷം രൂപ കോഴിക്കോട് താമരശേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി (89.95 ശതമാനം) നേടി. സബ് ജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ സ്‌കോർ നേടിയ ഏഴ് ആശുപത്രികൾക്ക് ഒരുലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡുകൾ ലഭിക്കും.

സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നാം സ്ഥാനമായ മൂന്നു ലക്ഷം രൂപയ്ക്ക് തൃശൂർ പെരിഞ്ഞനം സി.എച്ച്.സി (91.29 ശതമാനം) അർഹത നേടി. 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 13 ആശുപത്രികൾക്ക് ഒരുലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡ് ലഭിക്കും.

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗങ്ങളെ മൂന്ന് ക്ലസ്റ്റർ ആയി തിരിച്ചാണ് അവാർഡ് നൽകിയത്. അതിൽ ഒന്നാം ക്ലസ്റ്ററിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ തിരുവല്ല, പത്തനംതിട്ട (99.2 ശതമാനം) രണ്ടുലക്ഷം രൂപ കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മാമ്പഴക്കര, തിരുവനന്തപുരം (96.3 ശതമാനം) കരസ്ഥമാക്കി. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മുട്ടട, തിരുവനന്തപുരം (95.8 ശതമാനം) ഒരു ലക്ഷം രൂപയുടെ മൂന്നാം സ്ഥാനത്തിന് അർഹരായി.
സെക്കന്റ് ക്ലസ്റ്ററിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വി.ആർ. പുരം തൃശൂർ (98.3 ശതമാനം) ഒന്നാം സ്ഥാനവും, അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ഗോസായിക്കുന്ന്, തൃശൂർ (97.9 ശതമാനം) രണ്ടാം സ്ഥാനവും, അർബൻ പ്രൈമറി ഹെൽത്ത് സെന്റർ എളമാൻതോപ്പ്, എറണാകുളം (96.3 ശതമാനം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

തേർഡ് ക്ലസ്റ്ററിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വെട്ടേക്കോട്, മലപ്പുറം 92.9 ശതമാനത്തോടെ ഒന്നാം സ്ഥാനവും അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പുളിങ്കുന്ന്, കാസർഗോഡ് 90 ശതമാനത്തോടെ രണ്ടാം സ്ഥാനവും അർബൻ പ്രൈമറി ഹെൽത്ത് സെന്റർ കൽപ്പറ്റ, വയനാട് 87.9 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നഗരപ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 9 ആശുപത്രികൾക്ക് 50,000 രൂപ വീതം കമൻഡേഷൻ അവാർഡ് ലഭിക്കും.
പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിൽ എല്ലാ ജില്ലകളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന് രണ്ട് ലക്ഷം രൂപ വീതവും ജില്ലയിൽ തന്നെ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് 50,000 രൂപ വീതവും അവാർഡ് ലഭിക്കും.

എഫ്.എച്ച്.സി. കാട്ടാക്കട ന്യൂ ആമച്ചൽ, തിരുവനന്തപുരം (92.5 ശതമാനം), എഫ്.എച്ച്.സി. അഴീക്കൽ, കൊല്ലം (86.3 ശതമാനം), പിഎച്ച്സി പാണാവള്ളി, ആലപ്പുഴ (81 ശതമാനം), പിഎച്ച്സി പുന്നപ്ര സൗത്ത് (81 ശതമാനം), എഫ്എച്ച്സി ഓമല്ലൂർ പത്തനംതിട്ട (94.2 ശതമാനം), എഫ്എച്ച്സി മുത്തോലി, കോട്ടയം (87.9 ശതമാനം), പിഎച്ച്സി കോടിക്കുളം, ഇടുക്കി (85 ശതമാനം), എഫ്എച്ച്സി രായമംഗലം, എറണാകുളം (91.7 ശതമാനം), എഫ്എച്ച്സി മാടവന, തൃശൂർ (96.7 ശതമാനം), എഫ്എച്ച്സി പൂമംഗലം, തൃശൂർ (96.7 ശതമാനം), എഫ്എച്ച്സി വെല്ലിനേഴി, പാലക്കാട് (80.3 ശതമാനം), എഫ്എച്ച്സി വഴക്കാട്, മലപ്പുറം (97 ശതമാനം), എഫ്എച്ച്സി നരിപ്പറ്റ, കോഴിക്കോട് (97.1 ശതമാനം), എഫ്.എച്ച്.സി. എടവക, വയനാട് (97.9 ശതമാനം). എഫ്എച്ച്സി ന്യൂ മാഹി, കണ്ണൂർ (95.6 ശതമാനം), എഫ്എച്ച്സി പാണത്തൂർ, കാസർഗോഡ് (98.3 ശതമാനം) എന്നിവയാണ് പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയവർ.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 28 ആശുപത്രികൾക്ക് 50,000 രൂപ വീതം കമൻഡേഷൻ അവാർഡുകൾ ലഭിക്കും.കേരളത്തിലെ ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാ രോഗ്യ കേന്ദ്രങ്ങൾ, നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് കായകൽപ്പ് അവാർഡ് നൽകുന്നത്.

NO COMMENTS