തിരുവനന്തപുരം: കേരളത്തിൽ ബസ് ചാര്‍ജ് കുറയ്ക്കാന്‍ ഒരുക്കവുമായി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് മാനദണ്ഡം പാലിച്ച് ബസുകളില്‍ യാത്രക്കാരുടെ എണ്ണം വളരെ കുറയ്‌ക്കേണ്ടി വന്നപ്പോഴാണ് കഴിഞ്ഞ ജൂണ്‍ രണ്ടിന് അന്നത്തെ നിരക്കുകളില്‍ 25% വര്‍ദ്ധന നടപ്പിലാക്കിയത്. ഇപ്പോള്‍ ബസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയതോടെ നിന്നു യാത്രചെയ്യാനും അനുവദിച്ചിട്ടുണ്ട്.നിലവിലെ നിരക്ക് എത്ര വരെ കുറയ്ക്കാമെന്നു പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജനുവരിയില്‍ സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനെ സമീപിക്കും. ഈ റിപ്പോര്‍ട്ടനുസരിച്ച് പുതിയ നിരക്കുകള്‍ തീരുമാനിക്കും.
അതേസമയം, ബസ് ചാര്‍ജ് പുനര്‍നിര്‍ണയിക്കുമ്ബോള്‍ കഴിഞ്ഞ ജൂണിനു മുമ്പത്തെ നിരക്കിലേക്കു പോകാനാവില്ലെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്. ഡീസല്‍ വില വര്‍ദ്ധന ഉള്‍പ്പെടെ പരിഗണിച്ച് ജൂണിനു മുമ്ബത്തേതില്‍ നിന്ന് 10-15% വര്‍ദ്ധന വരുന്ന വിധത്തി ലാവും പുതിയ നിരക്കെന്നാണ് സൂചന. ജനുവരി ഒന്നു മുതല്‍ എല്ലാ ബസുകളും നിരത്തിലിറക്കാനാണ് കെ.എസ്.ആര്‍.ടി.സി തീരുമാനം.
ഓര്‍ഡിനറി മിനിമം ചാര്‍ജായ 8 രൂപ നിലനിറുത്തിയാണ് ജൂണില്‍ യാത്രാ നിരക്കു കൂട്ടിയത്. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാ വുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍ (രണ്ട് ഫെയര്‍ സ്റ്റേജ്) നിന്ന് രണ്ടരയായി (ഒരു ഫെയര്‍ സ്റ്റേജ്) കുറച്ചിരുന്നു. കിലോമീറ്റര്‍ നിരക്ക് 70 പൈസയായിരുന്നത് 90 പൈസയാക്കി. സൂപ്പര്‍ ക്ളാസ് ബസുകളുടെ നിരക്കില്‍ 25% വര്‍ദ്ധനയും വരുത്തി.