തിരുവനന്തപുരം: തൊഴില്‍-നൈപുണ്യവികസനത്തിന്‍റെ ഭാഗമായി സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് കേരളത്തിനകത്തും പുറത്തുമുള്ള അഭ്യസ്തവിദ്യരായ മലയാളികളെ തൊഴിലന്വേഷണത്തിന് സഹായിക്കുന്നതിന് തയാറാക്കിയ ജോബ് പോര്‍ട്ടലിനു തുടക്കമായി. കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് (കെയ്സ്) ആണ് keralastatejobportal.com എന്ന പോര്‍ട്ടല്‍ വികസിപ്പിച്ചിരിക്കുന്നത്. തൊഴിലും നൈപുണ്യവും, എക്സൈസ് മന്ത്രി ശ്രീ ടിപി രാമകൃഷ്ണന്‍ പോര്‍ട്ടല്‍ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിച്ചു. സംസ്ഥാനത്ത് സ്കില്‍ സെന്‍ററുകള്‍ തുടങ്ങാനുള്ള പഠനം സര്‍ക്കാര്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചു. നിലവിലുള്ള വ്യവസായ ഇന്‍റേണ്‍ഷിപ്പ് പരിപാടി വിപൂലീകരിക്കും. കെയ്സ് ലേബര്‍ കമ്മീഷണറേറ്റുമായി ചേര്‍ന്ന് ലേബര്‍ ബാങ്ക് രൂപവല്‍കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് (കെയ്സ്) മാനേജിങ് ഡയറക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്-ന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ ടോം ജോസ് ഐഎഎസ് പ്രത്യേക പ്രഭാഷണം നടത്തി. ജോബ് പോര്‍ട്ടലിനെക്കുറിച്ചുള്ള അവതരണവും ഡോ.ശ്രീറാം വെങ്കിട്ടരാമന്‍ നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ തൊഴിലന്വേഷകരുടെയും തൊഴില്‍ദാതാക്കളുടെയും റജിസ്ട്രേഷന്‍, ഡേറ്റ അനാലിസിസ്, തൊഴിലന്വേഷണം തുടങ്ങിയവയും പോര്‍ട്ടലിന്‍റെ രണ്ടാം ഘട്ടത്തില്‍ സ്കില്‍ റജിസ്ട്രി, ഡിജി ലോക്കര്‍ സൗകര്യം, ലേണിങ് മാനേജ്മെന്‍റ് സംവിധാനം, ജോബ് പോര്‍ട്ടല്‍ ആന്‍ഡ് സ്കില്‍ റജിസ്ട്രി മൊബൈല്‍ ആപ്, ജോബ് ബ്ലോഗ് തുടങ്ങിയവയുമുണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പോര്‍ട്ടലിന് ലിങ്ക്ഡ്-ഇന്‍ എന്ന നെറ്റ്വര്‍ക്കിംഗ് സൈറ്റുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് ലിങ്ക്ഡ്-ഇന്‍ ഇന്ത്യ മേധാവി സെറാജ് സിംഗ് വിവരണം നടത്തി. കെയ്സ് സിഒഒ സി.പ്രതാപ്മോഹന്‍ നായര്‍, ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍, കെയ്സ് ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ കെ.രേണുക എന്നിവര്‍ പ്രസംഗിച്ചു. തൊഴിലന്വേഷകര്‍, തൊഴില്‍ദാതാക്കള്‍, തൊഴിലവസരങ്ങള്‍ എന്നിവയടങ്ങിയ ഡേറ്റാബേസ് പോര്‍ട്ടലില്‍ ലഭ്യമാക്കും. തൊഴിലന്വേഷിക്കുന്നവര്‍ക്ക് സ്വന്തം വിവരങ്ങള്‍ ഈ പോര്‍ട്ടലില്‍ പോസ്റ്റ് ചെയ്ത് തങ്ങള്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടുപിടിക്കാം. തൊഴില്‍ദാതാവിന് തൊഴിലവസരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കി തങ്ങള്‍ക്ക് യോജിച്ച ഉദ്യോഗാര്‍ഥിയെ കണ്ടുപിടിക്കാവുന്നതാണ്. കേരള പിഎസ്സിയുടേതൊഴിച്ച് അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യമേഖല എന്നിവയിലെ എല്ലാ ഒഴിവുകളും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍വകലാശാലകളും സര്‍ക്കാര്‍ വകുപ്പുകളും തൊഴില്‍ നൈപുണ്യവുമായി ബന്ധപ്പെട്ട സ്കില്‍ റജിസ്ട്രി തയാറാക്കി പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിനു സഹായിക്കും. കാഷ്വല്‍ ജോലിക്കായുള്ള സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പ്, ജോബ് ഫെയര്‍, മറ്റു പോര്‍ട്ടലുകളുമായുള്ള സംയോജനം, കൗണ്‍സലിംഗ് എന്നീ സൗകര്യങ്ങളും പോര്‍ട്ടലിലുണ്ട്.