ആർ.സി.ഇ.പി കരാറിൽ നിന്ന് കേന്ദ്രം പിൻമാറണമെന്ന് സംസ്ഥാനതല കാർഷിക വികസന സമിതി യോഗം

101

തിരുവനന്തപുരം : കേരളത്തിന്റെ കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന റീജിയണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ് (ആർ.സി.ഇ.പി) കരാർ ഒപ്പിടുന്നതിൽനിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് സംസ്ഥാനതല കാർഷിക വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇത്തരം കരാറുകളിൽ ഏർപ്പെടുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായും പാർലമെൻറിലും ചർച്ച ചെയ്യണമെന്ന് യോഗത്തിന് ശേഷം കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ആർ.സി.ഇ.പി കരാർ വന്നാൽ ക്ഷീര, സുഗന്ഡ വ്യഞ്ജന, കശുവണ്ടി, സമുദ്രോത്പന്ന, പൗൾട്രി മേഖലകളെ പ്രതികൂലമായി ബാധിക്കും. കരാറിന്റെ കാര്യത്തിൽ നേരത്തെ സംസ്ഥാന കാബിനറ്റ് പ്രമേയം അവതരിപ്പിച്ചിരുന്നു. നിയമസഭയും ചർച്ച ചെയ്തു. കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നൽകുകയും ചർച്ച ചെയ്യുകയും ചെയ്തു. സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചെങ്കിലും തുടർന്ന് നടപടിയുണ്ടായില്ല. കരാറിലൂടെ ഇന്ത്യ പോലുള്ള രാജ്യം ഒരു മാർക്കറ്റായി മാറുന്നതിലൂടെ കർഷകരുടെ നിലനിൽപ്പ് അപകടത്തിലാകും.
വെള്ളം കൂടുതൽ ഉപയോഗിക്കുന്ന വിളകൾക്ക് കൃഷി സബ്സിഡി നൽകില്ലെന്ന നിതി ആയോഗ് തീരുമാനം ശാസ്ത്രീയമായ നിലപാടല്ല. നെൽകൃഷി പോലുള്ളവയിൽനിന്നുള്ള ഉത്പാദനം മാത്രമല്ല, ഭൂഗർഭ ജലത്തിന്റെ അളവിലും വർധനവുണ്ടാക്കുന്നുണ്ട്. വെള്ളം കയറി കൃഷി നശിച്ചാൽ ഇൻഷുറൻസ് നൽകില്ലെന്ന നിലപാട് മാറ്റണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കർഷർക്കുള്ള കുടിശ്ശിക നൽകാൻ അടിയന്തിര നടപടി സ്വീകരിക്കും. 2020 മാർച്ച് 31ന് മുമ്പ് കൃഷി വകുപ്പ് പൂർണമായി ഇ-ഗവേണൻസിലേക്ക് വരും. പ്രകൃതിദുരന്തങ്ങളുണ്ടാക്കുന്ന നഷ്ടം അതത് ദിവസം അപ്ഡേറ്റ് ചെയ്യാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈനായി അപേക്ഷകൾ നൽകാനും നടപടി സ്വീകരിക്കും.
കേരളത്തിലെ കൃഷിക്കാരെ പൂർണമായി ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് യോഗത്തിൽ മന്ത്രി പറഞ്ഞു. എല്ലാ കൃഷിക്കാർക്കും കിസാൻ ക്രെഡിറ്റ് കാർഡ് നൽകാനും അതിന്റെ ആനുകൂല്യങ്ങൾ നേടാനും നടപടിയെടുക്കും.

കാർഷികമേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികളുണ്ടാകും. ഇതിനായി കാർഷിക മേഖലയുടെ ഘടനയിൽത്തന്നെ മാറ്റം വരുത്തും. വിവിധ അഗ്രോ-ഇക്കോളജിക്കൽ സോണുകളായി തിരിച്ച് അവിടുത്തെ പ്രത്യേകതകൾ അനുസരിച്ച് കാലാവസ്ഥാ മാറ്റങ്ങളെ പ്രതിരോധിക്കാനും ഉത്പാദനക്ഷമത വർധിപ്പിക്കാനുമുള്ള നടപടികളുണ്ടാകും. കാർഷിക ക്ഷേമ ബോർഡ് ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ഇത് കാർഷികമേഖലയിൽ വലിയ മാറ്റമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS