പ്രൈമറി സ്‌കൂളുകൾക്കുള്ള ഹൈടെക് ലാബ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ അഞ്ചിന്

101

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് മേഖലകളിലെ എട്ടു മുതൽ പന്ത്രുവരെ ക്ലാസുകളുള്ള 4752 സ്‌കൂളുകളിലായി 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കിയതിന്റെ തുടർച്ചയായി പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിലും ഹൈടെക് ലാബുകൾ വരുന്നു.

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് ലാബ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ അഞ്ച് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളുടെ പ്രവർത്തനത്തിൽ കഴിഞ്ഞ വർഷം സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച സ്‌കൂളുകൾക്കുള്ള അവാർഡ് വിതരണവും ചടങ്ങിൽ നടക്കും.

സംസ്ഥാനത്തെ 9941 പ്രൈമറി സ്‌കൂളുകളിൽ ഹൈടെക് ലാബ് പദ്ധതിയ്ക്കായി കിഫ്ബി 292 കോടി രൂപ അനുവദിച്ചതിനെത്തുടർന്ന് 55086 ലാപ്‌ടോപ്പുകൾ, യു.എസ്.ബി. സ്പീക്കറുകൾ, 23170 മൾട്ടിമീഡിയ പ്രൊജക്ടറുകൾ എന്നിവയ്ക്കുള്ള ടെണ്ടർ നടപടികൾ മെയ് മാസത്തിൽ പൂർത്തിയായിരുന്നു. ജൂലൈ 5 മുതൽ കൈറ്റിന്റെ പതിനാല് ജില്ലാ കേന്ദ്രങ്ങളിലൂടെയും ഈ ഉപകരണങ്ങളുടെ വിതരണം ആരംഭിക്കുമെന്നും സെപ്റ്റംബർ മാസത്തോടെ പൂർത്തിയാക്കുമെന്നും കൈറ്റ് വൈസ് ചെയർമാൻ ആന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.അൻവർ സാദത്ത് അറിയിച്ചു. സ്‌കൂളുകൾക്ക് ഉപകരണങ്ങൾ വാങ്ങാനുള്ള സമയക്രമം അതത് ജില്ലകളിൽ നിന്നും അറിയിക്കും. ഇതിനായി സ്‌കൂളുകൾ കൈറ്റുമായി സർക്കാർ ഉത്തരവു പ്രകാരമുള്ള ധാരണാപത്രം ഒപ്പിടണം.

പ്രൈമറി ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 82000 പ്രൈമറി അധ്യാപകർക്ക് അവധിക്കാലത്ത് പ്രത്യേക ഐ.ടി. പരിശീലനം നൽകി. 8191 പ്രൈമറി സ്‌കൂളുകളിൽ ബ്രോഡ്ബാൻഡ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ‘സമഗ്ര’ റിസോഴ്‌സ് പോർട്ടലിന്റെ ഉപയോഗം പരിശീലനത്തിൽ അധ്യാപകരെ പരിചയപ്പെടുത്തി. എഡ്യൂടെയിൻമെന്റ് രൂപത്തിൽ വിവിധ വിഷയങ്ങൾ ഐ.ടി. ഉപയോഗിച്ച് പഠിക്കാൻ കഴിയുന്ന കളിപ്പെട്ടി (പ്രൈമറി), ഇ@വിദ്യ (അപ്പർ പ്രൈമറി) പാഠപുസ്തകങ്ങൾ എല്ലാ കുട്ടികൾക്കും ലഭ്യമാക്കിയിട്ടുൺ്.
ഉദ്ഘാടനച്ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ധനമന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും.

വി.എസ്. ശിവകുമാർ എം.എൽ.എ., മേയർ അഡ്വ. വി.കെ. പ്രശാന്ത്, നവകേരളമിഷൻ കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

NO COMMENTS