സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾക്ക് സംസ്ഥാനത്തിന്റെ ബിഗ്സല്യൂട്ട് – മുഖ്യമന്ത്രി പിണറായി വിജയൻ

152

തിരുവനന്തപുരം : മഹാപ്രളയകാലത്ത് പ്രായത്തിനപ്പുറമുള്ള സേവനം ചെയ്ത സ്റ്റുഡന്റ്സ് കേഡറ്റുകളുടെ സേവനസന്നദ്ധത നാട് അങ്ങേയറ്റം വിലമതിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഹജീവിസ്നേഹത്തിലും ആപത്തിൽപ്പെട്ടവർക്ക് ആകാവുന്ന സഹായം ചെയ്തുകൊടുത്തും മാതൃക സൃഷ്ടിക്കാൻ കഴിഞ്ഞതിന് കേഡറ്റുകൾക്ക് സംസ്ഥാനത്തിന്റെ ബിഗ് സല്യൂട്ട് അർപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റസ് പത്താം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ഓരോ പൗരനും പൗരബോധവും സാംസ്‌കാരികബോധവും ഉൾക്കൊണ്ട് ജീവിക്കാൻ സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ. ഇപ്പോൾതന്നെ ലോകത്തിന് മാതൃകയായ എസ്പിസി ഒരു മഹാമാതൃകയായി മാറും എന്നതിൽ സംശയമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി കേക്ക് മുറിക്കുകയും വൃക്ഷത്തൈ സമ്മാനിക്കുകയും ചെയ്തു. എസ്.പി.സിയുടെ പത്ത് കൽപ്പനകൾ യുണിസെഫിന്റെ കേരളം, തമിഴ്നാട് മേഖലാ മേധാവി ഡോ.പിനാകി ചക്രവർത്തിയ്ക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. എസ്.പി.സി കുട്ടികളുടെ രക്തദാന ക്യാമ്പയിനിനും ചടങ്ങിൽ തുടക്കം കുറിച്ചു.ഡിജിപി ലോക്നാഥ് ബെഹ്റ അധ്യക്ഷത വഹിച്ചു. അഡീ.ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്. എഡിജിപി ആർ.ശ്രീലേഖ, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാൻ, യുനൈറ്റഡ് നേഷൻസ് റിക്കവറി കോർഡിനേറ്റർ ജോബ് സക്കറിയ എന്നിവർ പങ്കെടുത്തു. എഡിജിപി മനോജ് എബ്രഹാം സ്വാഗതവും ഐ.ജി പി.വിജയൻ നന്ദിയും പറഞ്ഞു. മുഖ്യമന്ത്രിയുടെ പത്നി കമല, ചെറുമകൻ ഇഷാൻ എന്നിവരും സന്നിഹിതരായി. എസ്.പി.സിയുടെ നാൾവഴികൾ, ദുരന്തമുഖത്ത് എസ്.പി.സി നടത്തിയ പ്രവർത്തനം എന്നിവ വിശദമാക്കുന്ന വീഡിയോയും ചടങ്ങിൽ പ്രദർശിപ്പിച്ചു.

NO COMMENTS