ഗയാന: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി20യില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ 50+ സ്കോറുകളെന്ന രോഹിത് ശര്‍മയുടെ റെക്കോര്‍ഡിലേക്ക് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബാറ്റുവീശിയ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇതോടെ മൂന്നു മത്സരങ്ങളുടെ ട്വന്റി-20 പരമ്ബര ഇന്ത്യ തൂത്തുവാരി.വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തു ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
ക്യാപ്റ്റന്‍ വിരാട് കോഹ്ലി(45 പന്തില്‍ 59), ഋഷഭ് പന്ത് (42പന്തില്‍ പുറത്താകാതെ 65) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയെ വിജയത്തില്‍ എത്തിച്ചത്. ഓപ്പണര്‍ ലോകേഷ് രാഹുല്‍ 20 റണ്‍സെടുത്തു. ശിഖര്‍ ധവാന്(3) വീണ്ടും പരാജയപ്പെട്ടു.നേരത്തെ, ബൗളിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ തീരുമാനം ശരിവച്ച് ദീപക് ചാഹര്‍ ആതിഥേയരുടെ മുന്‍നിര വിക്കറ്റുകള്‍ പിഴുതെറിഞ്ഞു.
സുനില്‍ നരെയ്ന് (രണ്ട്), എവിന്‍ ലെവിസ് (10), ഷിംറണ്‍ ഹെറ്റ്മേയര്‍ (ഒന്ന്) എന്നിവരെ ദീപക് മടക്കി. അതോടെ വിന്‍ഡീസ് 3.5 ഓവറില്‍ മൂന്നിന് 14ലേക്കു കൂപ്പുകുത്തി. തുടര്‍ന്ന് കിറോണ്‍ പൊള്ളാര്‍ഡ് (58 റണ്‍സ്), റോവ്മാന്‍ പവല്‍ (32 നോട്ടൗട്ട്) എന്നിവരാണ് വിന്‍ഡീസിനെ കരകയറ്റിയത്. ദീപക് ചാഹര്‍ മൂന്ന് ഓവറില്‍ നാല് റണ്‍സിന് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. നവ്ദീപ് സെയ്നി രണ്ട് വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റ ട്വന്റി-20 കളിച്ച രാഹുല്‍ ചാഹര്‍ മൂന്ന് ഓവറില്‍ 27 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി.