നദികളിലെയും തോടുകളിലെയും എക്കൽ നീക്കം ചെയ്യാൻ ഉടൻ നടപടിയെടുക്കണം: മുഖ്യമന്ത്രി

83

തിരുവനന്തപുരം : വെള്ളപ്പൊക്കത്തെ തുടർന്ന് കേരളത്തിലെ നദികളിലും തോടുകളിലും അടിഞ്ഞു കൂടിയ എക്കൽ നീക്കം ചെയ്യുന്നതിന് ജില്ലാ കളക്ടർമാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ജില്ലാകളക്ടർമാരുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലസ്രോതസുകളിൽ അടിഞ്ഞു കൂടിയ എക്കൽ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്നുണ്ട്. മാർച്ച്, ഏപ്രിൽ മാസത്തോടെ എക്കൽ നീക്കം പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ദുരന്ത നിവാരണ ആകടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കണം. സംസ്ഥാനത്ത് രൂപീകരിക്കുന്ന സാമൂഹ്യ സന്നദ്ധ സേനയിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ത്വരിതപ്പെടുത്തണം.

മേയ് 20 ഓടെ ഇത് പൂർത്തിയാകണം. കേരളത്തിൽ നൂറു പേർക്ക് ഒരാൾ എന്ന കണക്കിലാണ് സാമൂഹ്യ സന്നദ്ധ സേന രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സന്നദ്ധ സേനയിൽ അംഗമാകാനുള്ള താത്പര്യം മുൻനിർത്തി വേണം റിക്രൂട്ട്‌മെന്റ് നടത്തേണ്ടത്. പഞ്ചായത്തുകളിലെ വികസന സെമിനാറുകളിൽ വിഷയം അവതരിപ്പിക്കുകയും റിക്രൂട്ട്‌മെന്റ് നടത്തുകയും ചെയ്യാം. പ്ലസ് ടു, കോളേജ്, പോളിടെക്‌നിക്ക് വിദ്യാർത്ഥികളെയും ഇതിന്റെ ഭാഗമാക്കാം. താലൂക്ക് അടിസ്ഥാനത്തിൽ ജില്ലാ കളക്ടർമാർ കൃത്യമായി പൊതു അദാലത്തുകൾ നടത്തണം. കെട്ടിക്കിടക്കുന്ന പരാതികൾ പരിഹരിക്കാൻ അദാലത്തുകളിൽ നല്ല ഇടപെടൽ ഉണ്ടാവണം. പകൽ അമിത ചൂട് ഉണ്ടാവുന്ന സ്ഥിതിയിൽ പ്രത്യേക ശ്രദ്ധ വേണം.

ചൂട് സംബന്ധിച്ച വിവരം കൃത്യമായി ജനങ്ങളിലെത്തിക്കണം.ഒരു വർഷം ആയിരം പേർക്ക് പുതിയ അഞ്ച് തൊഴിൽ തദ്ദേശസ്ഥാപനങ്ങൾ സൃഷ്ടിക്കുന്ന പദ്ധതി ഏപ്രിലിൽ ആരംഭിക്കണം. തദ്ദേശസ്ഥാപനങ്ങളുടെയും കൃഷിവകുപ്പിന്റേയും നേതൃത്വത്തിൽ ഫലവൃക്ഷം വച്ചുപിടിപ്പിക്കാനുള്ള പദ്ധതിയുണ്ട്. ജൂണിൽ മഴ പെയ്യുന്നതോടെ ഉത്‌സവാന്തരീക്ഷത്തിൽ പദ്ധതിക്ക് തുടക്കമിടണം. ഓരോ പഞ്ചായത്തിലും കൃഷിക്കാർ ഇതിനായുള്ള തയ്യാറെടുപ്പ് ഇപ്പോൾ തന്നെ ആരംഭിക്കണം. പഞ്ചായത്ത് തലത്തിൽ പച്ചക്കറി, പൂകൃഷി വർധിപ്പിക്കാൻ മഴ ഷെൽട്ടറുകൾ സ്ഥാപിക്കണം. ഒരു പഞ്ചായത്തിൽ പത്ത് ഏക്കറിലെങ്കിലും മഴ ഷെൽട്ടർ വേണം. പത്തു വർഷത്തെ പദ്ധതിയായാണ് ഇത് നടപ്പാക്കേണ്ടത്. നെൽകൃഷി കഴിയുന്ന ഇടവേളയിൽ പയർ ഉൾപ്പെടെയുള്ള ഇടക്കൃഷി നടത്തുന്നത്് പ്രോത്‌സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭൂഗർഭ ജലം കുറയുന്നതിനെ ഗൗരവത്തോടെ കാണണം. ഓരോ പഞ്ചായത്തിലും മഴപ്പൊലിമ വർധിപ്പിക്കണം. 3000 പേർക്ക് ഒരു ജോടി ശൗചാലയം എന്നാണ് നിശ്ചയിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ പ്രധാന യാത്രാകേന്ദ്രങ്ങളിൽ ശൗചാലയങ്ങൾ നിർമിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ഇതിന്റെ ചുമതല. ആഗസ്റ്റിനു മുമ്പ് പരമാവധി ശൗചാലയങ്ങൾ പൂർത്തിയാക്കണം. 25 രൂപയ്ക്ക് ഊണ് നൽകുന്ന വിശപ്പുരഹിത കേരളം പദ്ധതി ഏപ്രിൽ, മേയ് മാസത്തോടെ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, തദ്ദേശസ്വയംഭരണ മന്ത്രി എ. സി മൊയ്തീൻ, ചീഫ് സെക്രട്ടറി ടോം ജോസ്, തദ്ദേശസ്ഥാപന പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കർ, ലൈഫ് സി. ഇ. ഒ യു. വി. ജോസ്, ഡോ. എ. കൗശിഗൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

NO COMMENTS