പുതുപ്പള്ളി-ദേവികുളങ്ങര.
കായംകുളം നിയോജക മണ്ഡലത്തിന്റെ തെക്കറ്റം പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഗ്രാമം. ദ്രുതഗതിയിൽ നഗരവൽക്കരണത്തിന് വിധേയമാവുന്നത് കേരളീയ ഗ്രാമങ്ങളാണല്ലോ. അതിൽപ്പെട്ടതാണ് പുതുപ്പള്ളിയും. ബുദ്ധമതവുമായി ബന്ധപ്പെട്ടാണ് പുതുപ്പള്ളി എന്ന നാമകരണം ലഭിച്ചതെന്ന് നിഗമനം. ബുദ്ധവിഹാരങ്ങളെ ‘പള്ളികൾ’ എന്നാണ് വിളിച്ചിരുന്നത്. കിഴക്കു നഗരസഭയും തെക്ക് ഓച്ചിറ-ക്ലാപ്പന ഗ്രാമപഞ്ചയത്തുകളും
മേക്കും വടക്കും പ്രശസ്തമായ കായംകുളം കായലും ചുറ്റപ്പെട്ടു കിടക്കുന്ന ഭൂപ്രദേശം. വിസ്തീർണ്ണം 1440 ഹെക്റ്റർ.
ജനസംഖ്യ കാൾ ലക്ഷത്തോളം. ജനങ്ങളിൽ ഭൂരിപക്ഷവും കയർ മത്സ്യബന്ധനം വിപണനം, പ്രവാസം, സാങ്കേതിക വാഹന കെട്ടിട നിർമാണ തൊഴിലുകളിൽ ഏർപ്പെട്ടവരും സർക്കാർ സ്വകാര്യ തൊഴിൽ ചെയ്യുന്ന ഇടത്തരക്കാരുമാണ്.
ക്രിസ്തു ഇസ്ലാം മതവിശ്വാസികൾ ഉണ്ടെങ്കിലും ഹൈന്ദവ വിശ്വാസികളാണ് കൂടുതലും. മുൻപ് കരുനാഗപ്പള്ളി താലൂക്കിലായിരുന്നു. പിൽക്കാലത്താണ്
ഇവിടം കാർത്തികപ്പള്ളിയോട്
കൂട്ടിച്ചേർത്തത്. ആദ്യം ദേവികുളങ്ങര വില്ലേജ് യൂണിയനും 1965 ൽ പഞ്ചായത്തും നിലവിൽ വന്നു. ഇപ്പോൾ 14 വാർഡുകൾ. സ്ഥാപക പ്രസിഡന്റ് എസ്എൻഡിപി
യോഗം മുൻ ജനറൽ സെക്രട്ടറിയും
നിരവധി മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അഡ്വ.കെ.ഗോപിനാഥനാണ്. (21 വർഷം). തുടർന്ന് കോണ്ഗ്രസ് നേതാവും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമൊക്കെയായിരുന്ന വി.കെ.രാജഗോപാൽ, തുടർന്ന് ബി.സുരേഷ്, പ്രസന്നാ ജയചന്ദ്രൻ, എസ്.ആസാദ്, വിജി,ഇപ്പോൾ ശ്രീദേവി, വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ പിള്ള.
മുട്ടേൽ പാലം, അമ്പലപ്പാട്, ലൈറ്റ് മൂക്ക്, വടക്കേ ആഞ്ഞിലിമൂട്, മഹിളാ,ദേവികുളങ്ങര, കുന്നയ്യത്തു, തെക്കേ ആഞ്ഞിലിമൂട്, ആനക്കുന്നേൽ, മഞ്ഞാടിത്തറ, പറയണത്ത്, പ്രയാർ, ,പുളിയാണിക്കൽ, വാരണപ്പള്ളി, പുലരിചന്ത, കൊച്ചുവീട്ടിൽ മുക്ക്, സൊസൈറ്റി, കുറ്റിയിൽ, കിണർമുക്ക്,
ആലുംപീടിക, കൊച്ചുമുറി തുടങ്ങിയവ ഇവിടത്തെ അറിയപ്പെടുന്ന പ്രധാന സ്ഥലങ്ങളാണ്.
പ്രയാർ ആർവിഎസ്എം, സിഎംഎസ് , പുതുപ്പള്ളി വടക്ക് ഗവ.യുപിഎസ്, ചൂളൂർ, കെഎൻഎം, മാർത്തോമ സ്കൂൾ എന്നിവ വിദ്യാലയങ്ങളാണ്.
ഓച്ചിറ പടിഞ്ഞാറെ തെരുവ് ജമാഅത്തിന് കീഴിലും വടക്കേ ആഞ്ഞിലിമൂട്ടിലും മസ്‌ജിദ്‌കളും മദ്രസ്സയും, ക്രൈസ്തവ ദേവാലയങ്ങളുമുണ്ട്.
പഞ്ചായത്തു ആഫീസ് കൂടാതെ വില്ലേജ് ആഫീസ്, പിഎച് സെന്റർ, ആയൂർവേദ ഹോമിയോ ആശുപത്രികളും, മൃഗാശുപത്രിയും അക്ഷയ സെന്ററും ഉണ്ട്. കായംകുളം കായലിലേക്കുള്ള പ്രധാന കടവുകൾ കടുവയുടെകടവ്, മണ്ണേൽ, കൂട്ടുംവാതുക്കൽ, മങ്ങാട്ടുശ്ശേരി, എംഎൻ, അറേശ്ശേരിൽ,മുട്ടത്തു മണ്ണേൽ
എന്നിവ മൽസ്യ വിപണനത്തിനും യാത്രക്കായും ഉപയോഗിക്കുന്നു. മുൻപ് ചില കടവുകളിൽ സർക്കാർ വള്ളവും തുഴക്കാരും ഉണ്ടായിരുന്നു. കായംകുളംകായലും അറബിക്കടലുമായി സംഗമിക്കുന്ന പൊഴിമുഖം ഈ പഞ്ചായത്തിലാണ്.
പ്രധാനപ്പെട്ട മൂന്ന് ഗ്രഥശാലകൾ പ്രവർത്തിക്കുന്നു. പുളിയാണിക്കൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എസ്എൻ ലൈബ്രറി 1971 ആരംഭിച്ചു.കേരള ഗ്രന്ഥശാല സംഘത്തിൽ അംഗമാണ്.
അഞ്ഞൂറിന് മുകളിൽ അംഗങ്ങളും ആറായിരത്തോളം പുസ്തകങ്ങളുമുണ്ട്.
11 അംഗകമ്മറ്റിയുടെ പ്രസിഡന്റ് രത്നകുമാറാണ്. ടികെ രവി ലൈബ്രറിയനും.
ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് വക ഗ്രന്ഥശാല വടക്കേ ആഞ്ഞിലിമൂട്ടിലും.
പ്രയാറിന് വടക്കുവശം റോഡിന്റെകിഴക്കായി
ഇരുനില കെട്ടിടം സ്വന്തമായുള്ള
1913 ജൂണ് 16ന് സ്ഥാപിച്ച രാജരാജ വർമ്മ
ഗ്രന്ഥശാലയും വായനശാലയും കേരളപാണിനിയെന്നു വിശേഷിപ്പിക്കുന്ന
ഏ ആർ. രാജരാജ വർമ്മയുടെ നാമമാണ് നൽകിയിട്ടുള്ളത്. അദ്ദേഹവും കൂടാതെ കേരള ഗ്രഥശാല സംഘത്തിന്റെ സ്ഥാപകനായ പിഎൻ പണിക്കരും ഈ ലൈബ്രറി സന്ദർശിച്ചിട്ടുണ്ട്. നല്ല സൗകര്യങ്ങളും കമ്മിറ്റിയുടെ നിസ്വാർത്ഥമായ സഹകരണവും വായനക്കാരുടെ വിജ്ഞാനതൽപ്പരതയും ഈ ഗ്രന്ഥശാലയുടെ മേന്മവിളിച്ചോതുന്നു. രണ്ടായിരത്തിലധികം അംഗങ്ങൾ ഉള്ള ഇവിടെ തിരുകൊച്ചി ഗ്രന്ഥശാല സംഘത്തിലെ ആദ്യ അംഗം കൂടിയാണ്.
വൈദേശികാധിപത്യ കാലത്തു കേരളസംസ്ഥാനം രൂപീകരിക്കുന്നതിനു മുൻപുതന്നെ വല്ലാറ്റൂർ ഗോപാലപിള്ള എട്ടു സെന്റ് വസ്തു ലൈബ്രറിക്കായി സംഭാവന ചെയ്തു. ജനങ്ങളുടെ സാംസ്കാരികവും വൈജ്ഞാനികവും സാമൂഹികവുമായ വളർച്ചക്കുതകട്ടെ എന്ന മഹത്തായ ലക്ഷ്യത്തോടെ നൽകിയ ഈ സംഭാവന നൂറ്റാണ്ട് പിന്നിട്ടിട്ടും ജനങ്ങളുടെ സമഗ്രമായ വികാസത്തിന് ഉപകരിക്കുന്നു. ബി.ഏ ഷഹാൽ, റ്റി.രാജുവും ഭാരവാഹികളായ കമ്മറ്റിയാണ് ഇപ്പോൾ ഉള്ളത്. അമ്പിളിക്കല സെക്രട്ടറിയാണ്. താലൂക്ക് ലൈബ്രറി കൗണ്സിൽ സെക്രട്ടറിയും ഈ മഹിളയാണ്. പ്രതിമാസ പരിപാടികളും കുട്ടികളുടെയും കൗമാരക്കരുടെയും സ്ത്രീകളുടെയും തൊഴിലന്വേഷകരുടെയും കൂട്ടാഴ്മകൾ പ്രവർത്തിക്കുന്നു.
ഇതോടൊപ്പം ദേവികുളങ്ങരയുടെ ഏറ്റവും പ്രശസ്തവും പഴക്കമുള്ളതും ഇപ്പോഴും സജീവമായതുമായ ആർട്‌സ് ആൻഡ്.
സ്പോർട്സ് ക്ലബ്ബാണ് ” ഫ്രണ്ട്‌സ്.” കേരളത്തിന്റെ കായിക മേഖലക്ക് ഗണ്യമായ സംഭാവന നൽകാൻ ഈ കൂട്ടായ്മക്ക് കഴിഞ്ഞു. നജീബും രാജുവും ഫ്രെണ്ട്സിനെ ഇപ്പോൾ നയിക്കുന്നു.
————————–
അഡ്വ.ഒ.ഹാരിസ്.
കായംകുളം.