കൊല്ലം: തെരുവ് നായകള്‍ കൂട്ടമായി അക്രമിക്കാന്‍ ഓടിച്ചതിനെ തുടര്‍ന്ന് വീട്ടമ്മ വീണ് മരിച്ചു. പന്മന മാവേലി ഐഷാ മന്‍സിലില്‍ സജീവിന്റെ ഭാര്യ 25 വയസുള്ള അമീന ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്നും പാലു വാങ്ങാന്‍ സമീപത്തെ സൊസൈറ്റിയിലേക്ക് പോകുന്നതിനായി വീടിനരുകിലെ പുരയിടത്തിലൂടെ പോകുമ്പോള്‍ നായകള്‍ ഓടിക്കുകയായിരുന്നു. ഭയന്ന് ഓടിയ അമീന വീണതിനെ തുടര്‍ന്ന് നായകള്‍ ഓടി മാറിയെങ്കിലും പേടിച്ച് വീണതിന്റെ ആഘാതത്തില്‍ മരണം സംഭവിക്കുകയായിരുന്നു. അമീന ധരിച്ചിരുന്ന ഷാള്‍ നായകള്‍ കടിച്ചെടുത്തിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ഇവരെ കരുനാഗപ്പള്ളി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നാലു മാസം മുന്‍പ് പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്നു അമീന. ആറു വയസുള്ള ഐഷ, നാലു മാസം പ്രായമുള്ള ആദില്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. അമീനയ്ക്ക് മുന്‍പ് സമീപവാസികളായ ആശ, തങ്കമണി എന്നിവരെ നായകള്‍ ഓടിച്ചതായി രക്ഷപെട്ട സത്രീകള്‍ പറഞ്ഞു. നായകളുടെ ശല്യം രൂക്ഷമായുള്ള പ്രദേശത്ത് യുവതിയുടെ മരണം നാട്ടുകാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.