തെരുവുനായ ശല്യം രൂക്ഷം, പിടിക്കാനാളില്ല

174

തിരുവനന്തപുരം• തെരുവുനായ ശല്യം രൂക്ഷമായതോടെ കേരളത്തിലെ പട്ടി പിടിത്തക്കാരുടെ കണക്കെടുക്കാന്‍ തദ്ദേശവകുപ്പ് തയാറെടുക്കുന്നു. പട്ടി പിടിത്തത്തില്‍ വൈദഗ്ധ്യം നേടിയവരുടെ സേവനം കിട്ടാനില്ലാത്ത സാഹചര്യം കണക്കിലെടുത്താണു വകുപ്പിന്റെ നടപടി. ഓരോ ജില്ലയിലെയും പട്ടി പിടുത്തക്കാരുടെ എണ്ണം അടിയന്തരമായി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പട്ടി പിടിത്തത്തില്‍ കൂടുതല്‍ പേര്‍ക്കു പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
തെരുവുനായശല്യം 2010നു ശേഷം രൂക്ഷമാണെങ്കിലും കേരളത്തില്‍ എത്ര പട്ടി പിടുത്തക്കാരുണ്ടെന്ന കണക്കു തദ്ദേശ വകുപ്പിന്റെ കയ്യിലില്ല. തെരുവുനായ ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്കു താല്‍ക്കാലികമായി ആളെ ഏര്‍പ്പെടുത്തുകയാണു പതിവ്.

കേരളത്തില്‍ ആളെ കിട്ടാന്‍ പ്രയാസമായതിനാല്‍ ഇതര സംസ്ഥാനങ്ങളിലെ ആളുകളെയാണു മിക്ക തദ്ദേശ സ്ഥാപനങ്ങളും ആശ്രയിക്കുന്നത്. എന്നാല്‍, ഈ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരുടെ സംസ്ഥാനതല പട്ടിക വകുപ്പ് സൂക്ഷിച്ചിരുന്നില്ല. വീഴ്ച മനസിലായതിനെത്തുടര്‍ന്നാണു പട്ടിക തയാറാക്കാന്‍ നിര്‍ദേശം നല്‍കിയത്.
തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനു വലിയ വെല്ലുവിളി ജീവനക്കാരുടെ കുറവാണ്. വന്ധ്യംകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ കഴിയുമോയെന്നു കുടുംബശ്രീയോടു തദ്ദേശ വകുപ്പ് ആരാഞ്ഞിട്ടുണ്ട്. മറുപടി അനുകൂലമാണെങ്കില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കി രംഗത്തിറക്കാനാണു തദ്ദേശവകുപ്പ് ആലോചിക്കുന്നത്.
തെരുവുനായ ശല്യം രൂക്ഷമായ തിരുവന്തപുരം നഗരത്തില്‍ രണ്ടു പട്ടി പിടിത്തക്കാരാണുള്ളത്. 100 വാര്‍ഡുകളുള്ള തിരുവനന്തപുരം നഗരസഭയില്‍ പടി പിടിത്തത്തിനു പ്രവര്‍ത്തിക്കുന്നത് ഒരു സ്ക്വാഡ്. രണ്ടു പട്ടിപിടിത്തക്കാര്‍, രണ്ടു പാരാ മെഡിക്കല്‍ സ്റ്റാഫുകള്‍, ഒരു അറ്റന്‍ഡര്‍, ഒരു ഡ്രൈവര്‍ എന്നിവര്‍ അടങ്ങുന്നതാണ് സ്ക്വാഡ്. തെരുവുനായ പ്രശ്നം ഏറ്റവും രൂക്ഷമായ തിരുവനന്തപുരം ജില്ലയില്‍ 29,020 പേര്‍ക്കാണു കഴിഞ്ഞ വര്‍ഷം കടിയേറ്റത്.

NO COMMENTS

LEAVE A REPLY