ശ്രീകാര്യം: ആക്രമണത്തില്‍ നിന്നും ഒരു വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മാതാപിതാക്കളെ തെരുവ് നായ കടിച്ചു. ശ്രീകാര്യം റോസ് നഗറിലെ ഗീവര്‍ഗിസ്, ഭാര്യ ജിനുവര്‍ഗ്ഗീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും മെഡിക്കല്‍കോളേജില്‍ ചികിത്സതേടി.പേവിഷ കുത്തിവെയ്പ്പ് എടുക്കുകയും ചെയ്തു. ഒരു വയസ്സുള്ള മകന്‍ അലനെ വീട്ടുമുറ്റത്ത് കളിക്കുമ്ബോള്‍ ആക്രമിക്കാനെത്തിയ നായയെ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ മാതാവ് ജിനുവിന്റെ കാലില്‍ നായ കടിച്ചു. ജിനുവിന്റെ നിലവിളി കേട്ടു ഗീവര്‍ഗീസ് ഇറങ്ങിവന്നു ഭാര്യയെയും കുഞ്ഞിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗീവര്‍ഗീസിന്റെ വലത്തേ കയ്യില്‍ കടിച്ചു തൂങ്ങി.നായയെ കുടഞ്ഞു ദൂരത്തെറിയുമ്ബോള്‍ കയ്യില്‍ ആഴത്തില്‍ മുറിവേറ്റു.
ശ്രീകാര്യത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. രണ്ടാഴ്ച മുമ്ബ് മദ്യം വാങ്ങാന്‍ എത്തിയയാളെ നായ കടിച്ചിരുന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്കളെ പിടി കൂടണമെന്ന നാട്ടുകാരുടെയും കച്ചവടക്കാരുടെയും ആവശ്യം ശക്തമാകുകയാണ്.