ന്യൂഡല്‍ഹി: നായ്ക്കളെ കൊല്ലാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് സര്‍ക്കാരിന് കേന്ദ്ര മൃഗക്ഷേമ ബോര്ഡിന്റെ നോട്ടീസ്. വന്ധ്യംകരണമാണ് പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗ്ഗമെന്നും ബോര്‍ഡ്. മൃഗക്ഷേമ ബോര്‍ഡ് ചെയര്‍മാനാണ് മുഖ്യമന്ത്രിക്ക് നേരിട്ട് നോട്ടീസ് അയച്ചിരിക്കുന്നത്.
പ്രശ്നം ശാസ്ത്രീയമായി പരിഹരിക്കുന്നതിന് വന്ധ്യംകരണമാണ് ഉചിതമായ മാര്‍ഗ്ഗം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നായകളെ വന്ധ്യംകരിക്കാനുള്ള നിര്‍ദ്ദേശം നല്‍കണം. നായകളെ കൊല്ലാനുള്ള നടപടിയുമായി ഒരു കാരണവശാലും മുന്നോട്ടു പോകരുതെന്ന് നോട്ടീസില്‍ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് സെക്രട്ടറിയും സംസ്ഥാനസര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.
വൈല്‍ഡ് ആനിമല്‍ പ്രൊട്ടക്ഷന്‍ ആക്ടിലെ വകുപ്പുകള്‍ ചൂണ്ടിക്കാണിച്ചാണ് തെരുവുനായ്ക്കളെ കൊല്ലുന്നത് നിയമവിരുദ്ധമാണെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പറഞ്ഞിരിക്കുന്നത്. തെരുവുനായ്ക്കളെ കൊല്ലാനുള്ള തീരുമാനമെടുക്കുക വഴി എല്ലാ നായ്ക്കളെയും കൊല്ലാനുള്ള സാഹചര്യമുണ്ടാകുമെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.