കാലടി: കാലടി ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ മുപ്പതോളം തെരുവു നായ്ക്കളെ കൊന്നു കുഴിച്ചുമൂടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. തുളസി ആലുവ തെരുവുനായ ഉന്മൂലന സംഘത്തിന് നല്‍കിയ കത്ത് പ്രകാരം സംഘം ജനറല്‍ സെക്രട്ടറി സോഫിയ സുര്‍ജിത് മാധ്യമങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയാണ് ഇന്നലെ രാവിലെ തെരുവു നായ്ക്കളെ കൊന്നൊടുക്കിയത്. നാട്ടുകാരായ ചിലരുടെ സഹായത്തോടെ തെരുവുനായ്ക്കളെ പിടികൂടി പഞ്ചായത്ത് കോന്പൗണ്ടിലെത്തിച്ചു. പിന്നീട് പഞ്ചായത്ത് അംഗങ്ങളെല്ലാം നോക്കിനില്‍ക്കവേയാണ് നായ്ക്കളെ കൊന്നത്. പഞ്ചായത്തിന്‍റെ മാലിന്യം തള്ളുന്ന സ്ഥലം സ്ഥിതി ചെയ്യുന്ന ചെന്പിച്ചേരി റോഡരികിലായിരുന്നു കൂടുതല്‍ നായ്ക്കളുടെയും വാസം.പിടികൂടിയ നായ്ക്കളെ വായുവില്‍ ചുഴറ്റിയും റോഡിലടിച്ചും കഴുത്തില്‍ ചവിട്ടി പിടിച്ചും അതിക്രൂരമായാണ് കൊന്നത്. ഇവയെ പെട്ടിഓട്ടോറിക്ഷയില്‍ കയറ്റി പഞ്ചായത്ത് ഓഫീസിന് സമീപം നിര്‍മിച്ച മത്സ്യ മാര്‍ക്കറ്റിന് മുന്നില്‍ കുഴിയെടുത്ത് മൂടി.