ഗ്രാമപഞ്ചായത്തുകളിൽ കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിൽ അഴിമതിയും ക്രമക്കേടും കാലതാമസവും കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി

118

തിരുവനന്തപുരം : കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിൽ അഴിമതിയും ക്രമക്കേടും കാലതാമസവും കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഡയറക്ടർ സർക്കുലറിലൂടെ ഉത്തരവായി. കെട്ടിട നിർമ്മാണ അനുമതിക്കായി ഗ്രാമപഞ്ചായത്തുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ ക്രമവിരുദ്ധമായി കാലതാമസം ഒഴിവാക്കി സമയബന്ധിത നടപടി സ്വീകരിക്കാൻ മാർഗനിർദ്ദേശങ്ങൾ വ്യക്തമാക്കിയാണ് സർക്കുലർ പുറപ്പെടുവിച്ചത്.

കെട്ടിട നിർമ്മാണ അനുമതിക്കായി കെട്ടിക്കിടക്കുന്ന എല്ലാ അപേക്ഷകളിലും ജൂലൈ പത്തിന് മുമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ഉചിതതീരുമാനം എടുത്ത് തീർപ്പാക്കണം. ഇത് സംബന്ധിച്ച് എല്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും പരിശോധന നടത്തി വസ്തുത റിപ്പോർട്ട് വീഴ്ചവരുത്തുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ പേര് വിവരങ്ങളും ശുപാർശയും സഹിതം ജൂലൈ 15 വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് directorofpanchayatcsection@gmail.com എന്ന ഇ-മെയിലിൽ ലഭ്യമാക്കണം. മുൻഗണനാക്രമം തെറ്റിക്കാതെയും 15 ദിവസത്തിൽ കൂടുതൽ കാലതാമസമുണ്ടാക്കാതെയും കെട്ടിട നിർമ്മാണ അനുമതികൾ നൽകാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ നടപടി സ്വീകരിക്കണം.

സമയപരിധിക്കുള്ളിൽ കെട്ടിട നിർമ്മാണ അനുമതി ലഭിക്കാത്തവരുടെ പരാതി പരിശോധിക്കാനുള്ള കമ്മിറ്റി എല്ലാ ഗ്രാമപഞ്ചായത്തിലും രൂപീകരിച്ചിട്ടുണ്ടെന്നും യോഗം ചേർന്ന് നടപടി സ്വീകരിക്കുന്നുണ്ടെന്നും പെർഫോർമൻസ് ഓഡിറ്റ് വിഭാഗം പരിശോധിച്ച് ഉറപ്പാക്കണം.

ഗ്രാമപഞ്ചായത്തുകളിൽ നിന്നും കെട്ടിട നിർമ്മാണചട്ടങ്ങൾ പ്രകാരം അനുമതി വാങ്ങിയും വാങ്ങാതെയും നിർമ്മാണം പൂർത്തീകരിച്ച പല കെട്ടിടങ്ങൾക്കും കെട്ടിട വിനിയോഗാനുമതി/കെട്ടിട നമ്പർ, കെട്ടിട നിർമ്മാണ ക്രമവത്ക്കരണം എന്നിവ ലഭിക്കുന്നതിന് കാലതാമസം ഉണ്ടാവുന്നതായും ചില കെട്ടിടങ്ങൾക്ക് ഗ്രാമപഞ്ചായത്തുകൾ കെട്ടിട നമ്പർ നിഷേധിക്കുന്നതായും ധാരാളം പരാതികൾ ലഭിക്കുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ജില്ലാ തലത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരുടെ നേതൃത്വത്തിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ച് ജൂലൈ 31 നകം അദാലത്തുകൾ സംഘടിപ്പിക്കണം.

2019 മെയ് 31 വരെ കെട്ടിട നിർമ്മാണാനുമതി ലഭിക്കാത്തതും നിയമാനുസൃതം നിർമ്മാണം പൂർത്തിയാക്കിയിട്ടും കെട്ടിട വിനിയോഗാനുമതി, കെട്ടിട നമ്പർ എന്നിവ ലഭിക്കാത്തതുമായ അപേക്ഷകളാണ് അദാലത്തിന് പരിഗണിക്കേണ്ടത്.

കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 220 (ബി)പ്രകാരം എല്ലാ ഗ്രാമപഞ്ചായത്തുകളും നാഷണൽ ഹൈവേയോടോ, സംസ്ഥാന ഹൈവേയോടോ ജില്ലാ റോഡുകളോടോ ചേർന്നു കിടക്കുന്ന ഭൂമിയിൽ റോഡതിർത്തിയിൽ നിന്നും മൂന്ന് മീറ്റർ ദൂരത്തിനുള്ളിൽ കെട്ടിട നിർമ്മാണം കർശനമായി നിരോധിക്കണം.

മൂന്ന് മീറ്റർ ദൂരപരിധി ബാധകമാക്കേണ്ടതായ പഞ്ചായത്തിലെ മറ്റ് റോഡുകളും പൊതുവഴികളും ഏതെല്ലാമായിരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് യോഗം ചേർന്ന് നിശ്ചയിച്ച് ഏതേത് റോഡുകളുടെ അതിർത്തിയിൽ നിന്നാണ് മൂന്ന് മീറ്ററിനുള്ളിൽ കെട്ടിടം പണി നിരോധിക്കേണ്ടത് എന്ന് വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കണം. ഇപ്രകാരം പഞ്ചായത്ത് യോഗം ചേർന്ന് തയ്യാറാക്കുന്ന റോഡ് ലിസ്റ്റ് പരസ്യപ്പെടുത്തണം.

കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിന് മുമ്പ് അന്നത്തെ നിയമത്തിനനുസൃതമായി പെർമിറ്റ് വാങ്ങി നിർമ്മാണം നടത്തി നിയമാനുസൃതം പൂർത്തീകരിച്ച കെട്ടിടങ്ങൾക്ക് നിയമപ്രകാരം കെട്ടിട നമ്പർ അനുവദിക്കണം.
ഗ്രാമപഞ്ചായത്തുകളിൽ ഓൺലൈൻ ആപ്ലിക്കേഷനായി സങ്കേതം മുഖേന മാത്രമേ കെട്ടിട നിർമ്മാണാനുമതി അപേക്ഷകൾ സ്വീകരിക്കാനും, തുടർനടപടികൾ സ്വീകരിക്കാനും പാടുള്ളു. ഇക്കാര്യം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ പരിശോധന നടത്തി ഉറപ്പ് വരുത്തണം.

സങ്കേതം ആപ്ലിക്കേഷൻ മുഖേന കെട്ടിട നിർമ്മാണാനുമതി അപേക്ഷയിൽ തുടർനടപടികൾ സ്വീകരിക്കുമ്പോൾ ക്ലാർക്ക് മുതൽ സെക്രട്ടറി/അസിസ്റ്റന്റ് എൻജിനിയർ വരെയുള്ള ഉദ്യോഗസ്ഥർ ആവശ്യമായ ഫയൽ കുറിപ്പ് രേഖപ്പെടുത്തി മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂ.

കെ-സിഫ്റ്റ് ഓൺലൈൻ ആപ്ലിക്കേഷൻ മുഖേന ലഭിക്കുന്ന കെട്ടിട നിർമ്മാണാനുമതി അപേക്ഷകളിൽ സമയബന്ധിത നടപടികൾ സ്വീകരിക്കാതിരിക്കുകയും അതുവഴി അപേക്ഷകന് കല്പിത പെർമിറ്റ് ലഭിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ നിയമ തടസ്സങ്ങൾക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പൂർണ്ണ ഉത്തരവാദി ആയിരിക്കും.

2018 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി)ആക്ട് നിലവിൽ വരുന്നതിന് മുമ്പ് അനുവദിച്ച കെട്ടിട നിർമ്മാണ പെർമിറ്റ് പ്രകാരം പൂർത്തീകരിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് കെട്ടിട വിനിയോഗാനുമതി/കെട്ടിട നമ്പർ അനുവദിക്കുന്നതിന് 30.12.2017 തീയതിക്ക് ശേഷം നിലവിൽ വന്ന ആക്ടിലെ വകുപ്പുകൾ പ്രകാരമുള്ള രേഖകൾ നിഷ്‌കർഷിക്കരുത്. 2018 ലെ കേരള പഞ്ചായത്ത് രാജ് (അനധികൃത നിർമ്മാണങ്ങൾ ക്രമപ്പെടുത്തൽ) ചട്ടങ്ങൾ പ്രകാരം ലഭിച്ച അപേക്ഷകളിൽ തീർപ്പാക്കാതെ അവശേഷിക്കുന്നവ ജൂലൈ 31 നകം തീർപ്പാക്കി ജില്ലാതല വിശദവിവരപട്ടിക പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ ആഗസ്റ്റ് 10 നകം പഞ്ചായത്ത് ഡയറക്ടർക്ക് ലഭ്യമാക്കണം.

അനധികൃത കെട്ടിട നിർമ്മാണം തടയാൻ രൂപീകരിച്ച ജില്ലാതല സ്‌ക്വാഡിന്റെ പ്രവർത്തനം ഊർജ്ജിതമാക്കി പ്രവർത്തന റിപ്പോർട്ട് എല്ലാ മാസവും 15 നുള്ളിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ പഞ്ചായത്ത് ഡയറക്ടർക്ക് ലഭ്യമാക്കണം.

ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ക്വാസി-ജുഡീഷ്യൽ അധികാരം ഉപയോഗിച്ച് അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമ്പോഴോ, പെർമിറ്റ് റദ്ദ് ചെയ്യുമ്പോഴോ സൈറ്റ് പരിശോധന നടത്തി ലംഘനങ്ങളുടെ വിശദാംശങ്ങൾ വ്യക്തമാക്കി നോട്ടീസ് പുറപ്പെടുവിക്കണം. അന്തിമ തീരുമാനം കൈക്കൊള്ളുംമുമ്പ് ബന്ധപ്പെട്ടവരെ നേരിൽ കേൾക്കാനുള്ള അവസരം നൽകണം.

കെട്ടിട നിർമ്മാണാനുമതി, കെട്ടിട നിർമ്മാണ ക്രമവത്കരണാനുമതി, കെട്ടിട വിനിയോഗാനുമതി/കെട്ടിട നമ്പറിംഗ്, വിവിധ ലൈസൻസുകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയ ആവശ്യങ്ങൾക്ക് ഓഫീസിൽ എത്തുന്ന പൊതുജനങ്ങളോട് സൗഹാർദ്ദപരമായും സഭ്യമായും ജീവനക്കാർ പെരുമാറണം. അപേക്ഷകളിൽ അധിക വിവരങ്ങൾ/രേഖകൾ ആവശ്യമായിട്ടുണ്ടെങ്കിൽ അപേക്ഷകനെ ബോധ്യപ്പെടുത്തി ചട്ട പ്രകാരം നോട്ടീസ് നൽകണം. ന്യൂനതകൾ പരിഹരിച്ചാൽ എത്രയുംവേഗം സേവനം നൽകണം.

എല്ലാ മാസവും ഒന്നാം തീയതി മുതൽ 15 ാം തീയതി വരെയും 16 ാം തീയതി മുതൽ 31 ാം തീയതി വരെയും ലഭിക്കുന്ന കെട്ടിട നിർമ്മാണ അനുമതി അപേക്ഷകളെക്കുറിച്ചുള്ള വിവരങ്ങൾ ഗ്രാമപഞ്ചായത്തിന്റെ നോട്ടീസ് ബോർഡിലും ഗ്രാമപഞ്ചായത്തിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കണം. കെട്ടിട നിർമ്മാണാനുമതി നൽകുന്നതിന് കാലതാമസം ഉണ്ടെങ്കിൽ കാരണം പ്രൊഫോർമയിലെ റിമാർക്‌സ് കോളത്തിൽ വ്യക്തമായിരിക്കണം.

കെട്ടിട നിർമ്മാണാനുമതി നൽകുന്നതിന് ഗ്രാമപഞ്ചായത്തിൽ ഉപയോഗിക്കുന്ന ഓൺലൈൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷനായ സങ്കേതം എല്ലാ ദിവസവും സെക്രട്ടറി പരിശോധന നടത്തി കൃത്യത ഉറപ്പ് വരുത്തണം. കെട്ടിട നിർമ്മാണാനുമതി അപേക്ഷകളിൻമേൽ ഗ്രാമപഞ്ചായത്ത് സ്വീകരിച്ച നടപടി വിവരങ്ങൾ എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും എല്ലാ മാസവും അഞ്ചിന് മുമ്പ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് സമർപ്പിക്കണം.
ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ലഭ്യമാക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് ജില്ലാതല സമാഹൃത റിപ്പോർട്ട് എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ പഞ്ചായത്ത് ഡയറക്ടർക്ക് സമർപ്പിക്കണം.

നിയമാനുസരണ രീതിയിൽ അല്ലാതെ കെട്ടിടനിർമ്മാണ അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയിട്ടുണ്ടെങ്കിൽ അത് ഏത് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് സർക്കുലർ നിർദേശിക്കുന്നു.

NO COMMENTS