വ്യാജസന്ദേശങ്ങൾക്കെതിരെ കർശന നടപടി – തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവരുടെ ചിത്രം പ്രസിദ്ധീകരിക്കും – സംസ്ഥാന പോലീസ് മേധാവി

71

തിരുവനന്തപുരം : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വ്യാജവാർത്തകൾ നിർമ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

രണ്ടോ അതിലധികമോ തവണ ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരുടെ ചിത്രം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരി ക്കുന്നതാണ്. ഇത്തരക്കാർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും. സാമൂഹിക മാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ തയ്യാറാക്കി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എന്നിവയ്ക്ക് നിർദ്ദേശം നൽകി.

സാമൂഹിക മാധ്യമങ്ങളിലൂടെയും ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെയും മറ്റും തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. അശാസ്ത്രീയവും അബദ്ധങ്ങൾ നിറഞ്ഞതുമായ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ഡിസാസ്റ്റർ മാനേജ്‌മെന്റ് നിയമപ്രകാരം കുറ്റകരമാണ്.

ഇത്തരം വ്യാജസന്ദേശങ്ങൾ നിർമ്മിക്കുന്നവർ മാത്രമല്ല, പ്രചരിപ്പിക്കുന്നവരും കുറ്റക്കാരാണ്. ഇവ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ വിവരസാങ്കേതികവിദ്യ വകുപ്പ്, ആരോഗ്യവകുപ്പ്, പോലീസ് എന്നിവരുടെ സഹകരണത്തോടെ സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വ്യാജസന്ദേശങ്ങൾ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യർത്ഥിച്ചു.

NO COMMENTS