ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനധികൃത പണമിടപാട് കർശനമായി നിരീക്ഷിക്കാനും നടപടികൾ സ്വീകരിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ജില്ലാ വരണാധികാരികൾക്ക് നിർദേശം നൽകി. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എറണാകുളം ഐ.എം.എ ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ബാങ്കുകളിലെയും സംശയകരമായ ഇടപാടുകൾ ഉൾപ്പെടെ നിരീക്ഷിക്കും. ആദായ നികുതി വകുപ്പ് പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും ജില്ലാതിർത്തികളിലും കർശന പരിശോധന ആവശ്യമാണ്. ചെക്ക് പോസ്റ്റുകളിൽ സിസിടിവി നിരീക്ഷണം കൂടുതൽ ശക്തമാക്കും. വിവിധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ സംസ്ഥാന നോഡൽ ഓഫീസർമാർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്വീകരിക്കുന്ന നടപടികൾ യോഗത്തിൽ വിശദികരിച്ചു.
പരാതിരഹിതമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. വോട്ടെടുപ്പിൽ മുതിർന്ന പൗരമാർക്ക് പ്രധാന പരിഗണന നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കുട്ടികളെ ഒരു കാരണവശാലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കരുത്.ചാനലുകളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ നടത്തുന്ന തിരഞ്ഞെടുപ്പ് സംവാദ പരിപാടികൾക്ക് നിർബന്ധമായും മുൻകൂർ അനുമതി വാങ്ങണം. ചില സ്ഥലങ്ങളിൽ സംഘർഷമുണ്ടായ സാഹചര്യത്തിലാണ് ഇത്.
ജില്ലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ, ജില്ലാ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് പ്ലാനുകൾ, ലോജിസ്റ്റിക്കൽ ആവശ്യകതകൾ, റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ എന്നിവരുടെ എണ്ണം, ഇലക്ഷൻ ഫോട്ടോ ഐഡന്റിറ്റി കാർഡ് (എപിക്) വിതരണം, ഇവിഎം, വിവിപാറ്റ് ക്രമീകരണം, സ്വീപ് പ്രവർത്തനങ്ങൾ, തിരഞ്ഞെടുപ്പ് ചിലവ് വിവരങ്ങൾ തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു.
യോഗത്തിൽ അഡീഷണൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ ഡോ. അദീല അബ്ദുള്ള, വി ആർ പ്രേംകുമാർ, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൂടിയായ ജില്ലാ കളക്ടർമാരായ എൻ.എസ് കെ ഉമേഷ്, അലക്‌സ് വർഗീസ്, വി വിഘ്‌നേശ്വരി, കൃഷ്ണ തേജ, ഡോ എസ് ചിത്ര, വി ആർ വിനോദ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. ശ്യാം സുന്ദർ, ജില്ലാ പോലീസ് മേധാവിമാർ, വരണാധികാരികൾ, ഉപ വരണാധികാരികൾ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർമാർ, സംസ്ഥാന എൻഫോഴ്‌സ്‌മെന്റ് ഓഫീസുകളിലെ ജില്ലാ ഓഫീസർമാർ (എക്‌സൈസ്, ജി എസ് ടി, മോട്ടോർ വെഹിക്കിൾ, ഫോറസ്റ്റ്) യോഗത്തിൽ പങ്കെടുത്തു.