കാസര്‍കോട് : അനധികൃതമായി ചരക്ക് വാഹനങ്ങളിലും മറ്റും ആളുകളെ കൊണ്ടുവന്നാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. വാഹനങ്ങള്‍ കണ്ടു കെട്ടുന്നതിനു പുറമേ മനുഷ്യക്കടത്തിന് കേസെടുക്കും. 10 വര്‍ഷം വരെ കഠിന തടവു ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക.
കര്‍ണാടക അതിര്‍ത്തികളില്‍ നിന്ന് വനങ്ങളിലൂടെയുള്ള ആളുകളുടെ വരവ് കര്‍ശനമായി തടയും. ഇതിനായി വനമേഖലകളില്‍ പരിശോധന ശക്തമാക്കും. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഷാഡോ പോലീസിന്റെ നിരീക്ഷണം ശക്തമാക്കും. അനധികൃതമായി ആളുകളെ കൊണ്ടുവരുന്ന വാഹനത്തിലെ ജീവനക്കാര്‍ക്കെതിരെ എപിഡെമിക് ആക്ട് പ്രകാരവും മനുഷ്യക്കടത്ത് നിയമപ്രകാരവും കേസെടുക്കും.
അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ഹോട്ട് സ്‌പോട്ടുകളില്‍ മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങുന്ന വര്‍ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ബാബു അറിയിച്ചു. ഹോട്ട് സ്‌പോട്ടു കളിലും അതിര്‍ത്തി മേഖലകളിലും നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി.എസ് സാബു അറിയിച്ചു. എ.ഡി.എം എന്‍ ദേവിദാസ്, എച്ച്.എസ് കെ നാരായണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.