തിരുവനന്തപുരം ജില്ലയില്‍ ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വ്യാപകമായി ദുരുപയോഗം ചെയ്തും മാറ്റം വരുത്തിയും സൈക്യാട്രിക് മരുന്നുകളും മറ്റും വാങ്ങുന്നത് ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കളക്ടറേറ്റില്‍ ജില്ലാ വികസന ഓഫീസര്‍ അനു കുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത്തരം മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.
എല്ലാ ആരോഗ്യ വിദഗ്ദ്ധരും മരുന്ന് കുറിപ്പടികള്‍ നല്‍കുമ്പോള്‍ സീലും തിയതിയും നിര്‍ബന്ധമായി കുറിക്കണമെന്നും ആരോഗ്യ വിദഗ്ദ്ധരുടെ സീലും ഒപ്പും ഉണ്ടെന്ന് മരുന്ന് വ്യാപാരികള്‍ ഉറപ്പ് വരുത്തണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു. ഈ മാനദണ്ഡങ്ങള്‍ ഇല്ലാത്ത കുറിപ്പടികളില്‍ മരുന്ന് നല്കാന്‍ പാടില്ല.
ഷെഡ്യൂള്‍ എക്‌സ് മരുന്നുകള്‍ നല്‍കുമ്പോള്‍ മരുന്ന് കുറിപ്പടിയുടെ അസ്സല്‍ നിര്‍ബന്ധമായും സൂക്ഷിക്കണം. അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അസിസ്റ്റന്റ് ഡ്രഗ് കണ്‍ട്രോളറോട് നിര്‍ദേശിച്ചു.
കൃത്രിമം കാട്ടിയതോ, മാറ്റം വരുത്തിയതോ ആയ കുറിപ്പടികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനടി അധികൃതരെ അറിയിക്കേണ്ടതും ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ അടങ്ങുന്ന സ്റ്റിക്കര്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന പക്ഷം എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും പ്രദര്‍ശിപ്പുന്നത് പരിഗണിക്കാമെന്നും ജില്ലാ വികസന കമ്മിഷണര്‍ നിര്‍ദ്ദേശിച്ചു.