കുട്ടികൾക്കു ലഹരി പദാർഥങ്ങൾ ലഭിക്കുന്നതു തടയുന്നതിനായി ജില്ലാ ഭരണകൂടം കർശന നടപടി തുടങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു 100 മീറ്റർ ചുറ്റളവിൽ ലഹരി വസ്തുക്കളുടെ വിൽപ്പനയും കുട്ടികൾക്ക് അവ ലഭ്യമാകുന്ന സാഹചര്യവും ഇല്ലെന്ന് ഉറപ്പാക്കും.
സ്‌കൂളുകൾക്കു സമീപം മദ്യ വിൽപ്പന ശാലകളും പാടില്ല. ഇവ കർശനമായി നിരീക്ഷിക്കുന്നതിനും ഇതു സംബന്ധിച്ചു നോട്ടിസ് പുറപ്പെടുവിക്കുന്നതിനും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർക്കു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർദേശം നൽകി.
മാളുകൾ, എയർപോർട്ടുകൾ, പലചരക്കു കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ മദ്യം, പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതു കുട്ടികൾക്ക് ഒരു വിധത്തിലും ലഭ്യമാകാത്തവിധമായിരിക്കണം. ഇതു സംബന്ധിച്ച് ഇവിടങ്ങളിൽ പ്രത്യേക നോട്ടിസ് പതിപ്പിക്കണം.
കുട്ടികൾക്കു മദ്യമോ പുകയില ഉത്പന്നങ്ങളോ നൽകുന്നതും വിൽക്കുന്നതും ഏഴു വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയുംശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന ബോർഡ് ഇവിടങ്ങളിൽ പ്രദർശിപ്പിക്കണം. ഇതു സംബന്ധിച്ചു ബന്ധപ്പെട്ട അധികൃതർ ജില്ലാ കളക്ടർക്കു പ്രതിവാര റിപ്പോർട്ട് നൽകണമെന്നും കളക്ടർ നിർദേശിച്ചു.