തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്‌ച അടച്ചുപൂട്ടലിന് സമാനമായ കർശന നിയന്ത്രണം . അനാവശ്യ യാത്ര നടത്തിയാൽ വാഹനം പിടിച്ചെടുക്കും. കല്യാണത്തിനും മരണാനന്തര ചടങ്ങിനും 20 പേർക്ക് പങ്കെടുക്കാം. ബാർ, ബീവറേജസിന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യവിൽപനശാലകൾ തുറക്കില്ല. കള്ളുഷാപ്പ് തുറക്കും.
ആശുപത്രി, ഡിസ്‌പെൻസറി, മെഡിക്കൽ സ്‌റ്റോർ, മെഡിക്കൽ ഉപകരണ സ്‌റ്റോർ, നേഴ്‌സിങ് ഹോം, ആംബുലൻസ്, വൈദ്യമേഖലയുമായി ബന്ധപ്പെട്ട മറ്റുസേവനങ്ങൾ എന്നിവയുണ്ടാകും. പഴം, പച്ചക്കറി, പാൽ, മാംസം, മറ്റ് അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ. റസ്‌റ്റോറന്റുകളും ബേക്കറികളും രാവിലെ 7 മുതൽ രാത്രി 9 വരെ, ടേക്ക് എവേ, ഹോംഡെലിവറി മാത്രമേ അനുവദിക്കൂ. ഇ‐കൊമേഴ്‌സ്, കൊറിയർ സേവനങ്ങൾ രാവിലെ 7 മുതൽ രാത്രി ഒമ്പതു വരെ.
കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ (കോവിഡ് പ്രതിരോധത്തിനും അവശ്യ സർവീസിനും), 24 മണിക്കൂറും പ്രവർത്തിക്കേണ്ട വ്യവസായ സ്ഥാപനങ്ങൾ, ടോൾ ബൂത്ത്, ശുചീകരണ പ്രവൃത്തികൾ, വർക്‌ഷോപ്പ് (അടിയന്തിര പ്രവൃത്തികൾക്ക് മാത്രം), ഐടി സ്ഥാപനങ്ങൾ (അത്യാവശ്യ ജീവനക്കാർ മാത്രം), സിഎൻജി, എൽഎൻജി, എൽപിജി വിതരണം എന്നിവയ്‌ക്ക് പ്രവർത്തിക്കാം.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്‌ച അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി.