കടുത്ത നിയന്ത്രണം – സിനിമാതിയേറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്, സ്പോര്‍ട്സ് കോംപ്ലക്സ്,നീന്തല്‍ക്കുളം, വിനോദപാര്‍ക്ക്, വിദേശ മദ്യശാലകള്‍, ബാറുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്ക്കാലം വേണ്ടെന്ന് മുഖ്യമന്ത്രി .

18

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സിനിമാതിയേറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്, സ്പോര്‍ട്സ് കോംപ്ലക്സ് ,നീന്തല്‍ക്കുളം, വിനോദപാര്‍ക്ക്, വിദേശ മദ്യശാലകള്‍, ബാറുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്ക്കാലം വേണ്ടെന്ന് വെക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

വിവാഹച്ചടങ്ങില്‍ 50പേര്‍ക്ക് മാത്രം പങ്കെടുക്കാം. വിവാഹം, ഗൃഹപ്രവേശനം എന്നിവയ്ക്ക് മുന്‍കൂറായി കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മരണാനന്തരചടങ്ങില്‍ പരമാവധി 20പേര്‍. റമദാന്‍ ചടങ്ങുമായി ബന്ധപ്പെട്ട് പള്ളികളില്‍ 50പേര്‍ മാത്രം. ചെറിയപള്ളികളാണെങ്കില്‍ എണ്ണം ചുരുക്കണം. കലക്ടര്‍മാര്‍ മതനേതാക്കളുമായി ആലോചിച്ച്‌ തീരുമാനമെടുക്കണം.

നമസ്‌കരിക്കാന്‍ പോകുന്നവര്‍ പായ സ്വന്തമായി കൊണ്ടുപോകണം. ദേഹശുദ്ധിവരുത്തുന്നതിനു പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയത്തില്‍ ഭക്ഷണവും തീര്‍ത്ഥവും നല്‍കുന്നത് തല്‍ക്കാലം ഒഴിവാക്കണം. മെയ്‌ രണ്ടിനും അടുത്തദിവസവും ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ ഇന്നു ചേര്‍ന്ന സര്‍വകക്ഷിയോഗം ചര്‍ച്ച ചെയ്തു. ആഹ്‌ളാദ പ്രകടനം ഒഴിവാക്കണം എന്ന നിര്‍ദ്ദേശമാണ് യോഗത്തില്‍ ഉയര്‍ന്നത്.

പൊതുജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോകരുത്. ഉദ്യോഗസ്ഥര്‍, കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും മാത്രമേ അവിടെ പ്രവേശനം ഉണ്ടാകൂ. രണ്ടുതവണ കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ എടുത്തവര്‍ക്കും മാത്രമേ പ്രവേശനമുള്ളൂ. ഉദ്യോഗസ്ഥര്‍ക്കും ഇത് ബാധകം.

എല്ലാ യോഗങ്ങളും ഓണ്‍ലൈന്‍ വഴി മാത്രമേ നടത്താനാവൂ.സര്‍ക്കാര്‍ ഓഫീസുകളില്‍ അമ്ബതുശതമാനം ജീവനക്കാര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഹാജരായാല്‍ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യം, റവന്യൂ,പൊലീസ് വകുപ്പുകളും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മറ്റു ഓഫീസുകളും നിര്‍ബന്ധമായും എല്ലാ ദിവസവും പ്രവര്‍ത്തിക്കണം.

സ്വകാര്യ സ്ഥാപനങ്ങളും അവരുടെ ജീവനക്കാരുടെ എണ്ണം കഴിയാവുന്നത്ര പരിമിതപ്പെടുത്തണം. ജനിതകമാറ്റം വന്നതും തീവ്രരോഗവ്യാപനശേഷിയുള്ളതുമായ വൈറസ് സംസ്ഥാനത്തിന്റെ പലഭാഗത്തും കണ്ടെത്തിയിട്ടുണ്ട്. അത്തരം പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചിടേണ്ടി വന്നിട്ടുണ്ട്.

ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലാവിധ സാമൂഹിക,സാംസ്‌കാരിക, രാഷ്ട്രീയ പരിപാടികളും മതപരമായ ചടങ്ങുകളും ഒഴിവാക്കണം. വാരാന്ത്യത്തില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക നിയന്ത്രണം തുടരും. അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ അന്ന് അനുവദിക്കൂ. സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നതാണ് സര്‍വകക്ഷിയോഗത്തിന്റെ പൊതു അഭ്യര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു. സര്‍വകക്ഷിയോഗത്തില്‍ എടുത്ത തീരുമാനങ്ങളെ കുറിച്ച്‌ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS