മേയ് നാലു മുതൽ 9 വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും: മുഖ്യമന്ത്രി

12

തിരുവനന്തപുരം : മേയ് നാലു മുതൽ 9 വരെ കേരളത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ വാരാന്ത്യങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണത്തിന് സമാനമായ ക്രമീകരണങ്ങളാവും ഈ ദിനങ്ങളിലുണ്ടാവുക. ഇതുസംബന്ധിച്ച് കൃത്യമായ മാനദണ്ഡം പുറത്തിറക്കും.

ഓക്‌സിജൻ വിതരണത്തിൽ പ്രശ്‌നങ്ങളില്ലെന്ന് പോലീസ് ഉറപ്പു വരുത്തും. ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിന് ഇപ്പോൾത്തനെ ആഭ്യന്തര സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പ്രവർത്തിക്കുന്നുണ്ട്. വ്യവസായ വകുപ്പ് സെക്രട്ടറിയെ കൂടി വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെടാൻ ചുമതലപ്പെടുത്തി.

ഓക്‌സിജൻ സിലിണ്ടർ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ഓക്‌സിജൻ എമർജൻസി വെഹിക്കിൾ എന്ന സ്റ്റിക്കർ പതിക്കണം. വാഹനത്തിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്ലാസിൽ വ്യക്തമായി കാണാൻ സാധിക്കുന്ന തരത്തിലാണ് സ്റ്റിക്കർ പതിക്കേണ്ടത്. തിരക്കിൽ വാഹനങ്ങൾ പരിശോധന ഒഴിവാക്കി വേഗം കടത്തിവിടാൻ ഇത് പോലീസിനെ സഹായിക്കും. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളിലും സമാന രീതിയിൽ സ്റ്റിക്കർ പതിക്കേണ്ടതാണ്. ഇക്കാര്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പ്രത്യേകശ്രദ്ധ പതിപ്പിക്കും.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓക്‌സിജൻ ഉത്പാദകരുടേയും പെസോയുടേയും യോഗം നടന്നു. തുടർന്ന് ഓക്‌സിജൻ ലഭ്യത മോണിറ്റർ ചെയ്യാൻ ഹോം സെക്രട്ടറിയുടെ കീഴിൽ ഒരു കമ്മിറ്റിയും രൂപീകരിച്ചു.
പോലീസ്, ആരോഗ്യം, ഗതാഗതം, വ്യവസായം, ഡിസാസ്റ്റർ മാനേജ്‌മെന്റ്, എന്നീ വകുപ്പുകളിൽ നിന്നും പെസോയിൽ നിന്നും ഉള്ള നോമിനികൾ ഉൾപ്പെട്ട ‘ഡെഡിക്കേറ്റഡ് ഓക്‌സിജൻ വാർ റൂമുകൾ ‘ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ആരംഭിക്കും.

ഓക്‌സിജൻ മൊഡ്യൂൾ തയ്യാറാക്കുകയും കോവിഡ് ജാഗ്രതാ പോർട്ടലിൽ ചേർക്കുകയും ചെയ്യും. കൂടുതൽ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഇത് സഹായകമാകും. ഒരോ ജില്ലയിലും ലഭ്യമായ ഓക്‌സിജൻ സ്റ്റോക്കിന്റെ കണക്കുകൾ ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ ശേഖരിക്കുകയാണ്. സാമൂഹിക അകലം പാലിച്ച് നടത്താൻ കഴിയാത്ത പ്രവർത്തനങ്ങൾ പരമാവധി ഒഴിവാക്കുകയായിരിക്കും ഉചിതം. സീരിയൽ, സിനിമ, ഡോക്കുമെന്ററി എന്നിവയുടെ ഔട്ട് ഡോർ, ഇൻഡോർ ചിത്രീകരണങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാൻ പ്രവർത്തകരോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ പരസ്പരം കുറഞ്ഞത് രണ്ട് മീറ്റർ അകലം പാലിക്കണം. കച്ചവടക്കാർ രണ്ട് മാസ്‌ക്കുകൾ ധരിക്കണം. സാധിക്കുമെങ്കിൽ കൈയുറയും ഉപയോഗിക്കണം. സാധനങ്ങൾ വീടുകളിൽ എത്തിച്ച് നൽകുന്നതിന് കച്ചവടക്കാർ മുന്തിയ പരിഗണന നൽകണം. ആവശ്യമുളള സാധനങ്ങളുടെ ലിസ്റ്റ് ഫോണിലോ വാട്‌സ്ആപ്പിലോ നൽകിയാൽ സാധനങ്ങൾ വീട്ടിലെത്തിക്കുന്നതിന് ഡെലിവറി ബോയ്‌സിനെ നിയോഗിക്കുന്നത് നന്നായിരിക്കും. ഇതിനായി മാർക്കറ്റ് കമ്മിറ്റികളുടെ സേവനം തേടാൻ പോലീസിന് നിർദ്ദേശം നൽകി.

ചില സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി വയസ്സ് ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വാക്‌സിൻ നൽകാൻ രജിസ്‌ട്രേഷൻ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ശരിയായ നടപടിയല്ല. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവരെ കണ്ടെത്തി നിയമപരമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് മേധാവിമാർ എന്നിവർക്ക് നിർദ്ദേശം നൽകി.

ബാങ്കുകളുടെ പ്രവൃത്തിസമയം ഇപ്പോഴത്തെ സാഹചര്യത്തിൽ ഉച്ചയ്ക്ക് രണ്ടു മണിവരെയായി നിജപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ചില ബാങ്കുകളുടെ ഏതാനും ശാഖകൾ ഈ സമയത്തിനു ശേഷവും പ്രവർത്തിക്കുന്നതായി മനസ്സിലാക്കുന്നു. രണ്ട് മണിക്ക് ശേഷം ടാർഗറ്റ് നിശ്ചയിച്ച് ജീവനക്കാരെ പുറത്തേക്ക് ക്യാൻവാസിംഗിന് അയക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ശരിയായ നടപടിയല്ല.

കോവിഡ് നിരീക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി എല്ലാ പോലീസ് ജില്ലകളിലും കുറഞ്ഞത് 100 പേരെ വീതം ജനമൈത്രി സന്നദ്ധപ്രവർത്തകരായി നിയോഗിക്കും. ഇങ്ങനെ നിയോഗിക്കപ്പെടുന്ന ജനമൈത്രി സന്നദ്ധപ്രവർത്തകരെ ബീറ്റ്, പട്രോൾ, ക്വാറന്റീൻ പരിശോധന മുതലായവയ്ക്ക് ഉപയോഗിക്കും. പത്ത് ദിവസത്തിലേറെ ജോലിചെയ്യുന്ന വോളൻറിയർമാരുടെ സേവനം വിലയിരുത്തി പ്രശംസാപത്രവും മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്ക് ക്യാഷ് റിവാർഡും നൽകും. ജനമൈത്രി വോളൻറിയർമാരെ പെട്ടന്ന് തിരിച്ചറിയുന്നതിനായി ആം ബാഡ്ജ് നൽകുവാനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS